'കൃഷി മുഴുവൻ നഷ്ടത്തിൽ, ഹെലികോപ്റ്റർ വാങ്ങാൻ 6.6 കോടി രൂപ വേണം'; വായ്പയ്ക്ക് അപേക്ഷിച്ച് യുവ കര്‍ഷകന്‍
|' വലിയ ആളുകൾക്ക് മാത്രം വലിയ സ്വപ്നങ്ങൾ കാണണമെന്ന് ആരാണ് പറയുന്നത്. കർഷകരും വലിയ സ്വപ്നങ്ങൾ കാണണം'
മുംബൈ: കൃഷികൊണ്ട് ജീവിക്കാനാവുന്നില്ലെന്നും ഹെലികോപ്ടർ വാങ്ങാൻ 6.6 കോടി രൂപ വായ്പ വേണമെന്നാവശ്യപ്പെട്ട് യുവ കർഷകൻ ബാങ്കിനെ സമീപിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളിയാണ് സംഭവം. തക്തോദ സ്വദേശിയായ കൈലാസ് പതാംഗെ എന്ന യുവാവാണ് വായ്പാ അപേക്ഷയുമായി ഗോരേഗാവിലെ ഒരു ബാങ്കിനെ സമീപിച്ചത്. ഹെലികോപ്ടർ വാങ്ങി വാടകയ്ക്ക് കൊടുക്കാനാണ് 22 കാരന്‍റെ തീരുമാനം.
കാലം തെറ്റി പെയ്യുന്ന മഴയും വരൾച്ചയുമടക്കം കൃഷിയെ നഷ്ടത്തിലാക്കി. വർഷങ്ങളായി കൃഷിയിൽ നിന്ന് ലാഭങ്ങളൊന്നും കിട്ടുന്നില്ലെന്നും രണ്ടേക്കർ ഭൂമിയുടെ ഉടമയായ പതംഗേ പറയുന്നു. 'കഴിഞ്ഞ രണ്ട് വർഷമായി ഞാൻ എന്റെ ഭൂമിയിൽ സോയാബീൻ കൃഷി ചെയ്തു. എന്നാൽ കാലാനുസൃതമല്ലാത്ത മഴ കാരണം മുടക്കിയ പണം പോലും കിട്ടിയില്ല. വിള ഇൻഷുറൻസിൽ നിന്നുള്ള പണം പോലും ഒന്നിനും തികയില്ല. പതംഗേ പറഞ്ഞു. ഇതെല്ലാം കണക്കിലെടുത്താണ് ഹെലികോപ്ടർ വാങ്ങി വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ചത്. ഇതിലൂടെ നല്ല ജീവിതം നയിക്കാൻ സഹായിക്കുമെന്നാണ് അദ്ദേഹം പി.ടി.എയോട് പറഞ്ഞു.
'വലിയ ആളുകൾക്ക് മാത്രം വലിയ സ്വപ്നങ്ങൾ കാണണമെന്ന് ആരാണ് പറയുന്നത്? കർഷകരും വലിയ സ്വപ്നങ്ങൾ കാണണം. ഹെലികോപ്റ്റർ വാങ്ങാൻ ഞാൻ 6.65 കോടി രൂപ വായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. മറ്റ് ബിസിനസ്സുകളിൽ വളരെയധികം മത്സരമുണ്ട്, അതിനാലാണ് വ്യത്യസ്തമായ ഈ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.