മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങളിൽ നാളെ വോട്ടെടുപ്പ്; പ്രതീക്ഷയിൽ മഹാ വികാസ് അഘാഡി സഖ്യം
|സംസ്ഥാനത്തെ ഭാവി രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടികളുടെ ആശങ്കകളും പ്രതീക്ഷകളും വലുതാണ്
മുബൈ: മഹാരാഷ്ടയിൽ 11 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. സംസ്ഥാനത്തെ ഭാവി രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പിലെ പാർട്ടികളുടെ ആശങ്കകളും പ്രതീക്ഷകളും വളരെ വലുതാണ്.
ലോകസ്ഭാ മണ്ഡലങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണു മഹാരാഷ്ട്ര. 48 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 5 ഘട്ടങ്ങളിലായാണ്. മെയ് 13നുള്ള നാലാം ഘട്ടത്തിൽ നന്ദൂർബാർ, ജൽഗാവ്, റാവർ , ജൽന, ഔറംഗാബാദ്, മാവൽ , പൂനെ, ഷിരൂർ,അഹമ്മദ് നഗർ , ഷിർദ്ധി , ബീഡ് എന്നീ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുക.
സീറ്റ് വിഭജനം നേരത്തെ പൂർത്തിയാക്കിയത് ഗുണകരമാകുമെന്ന് മഹാ വികാസ് അഘാഡി സഖ്യം കരുതുന്നു. മുഖ്യ കക്ഷിയായ കോൺഗ്രസ് 17 സീറ്റിലും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 21 സീറ്റിലും മത്സരിക്കുന്നു. ബാക്കി പത്ത് സീറ്റ് എൻ.സി.പി ശരത് പവാർ വിഭാഗത്തിനാണ്.
എന്നാൽ, നിരവധി സിറ്റിംഗ് എം.പിമാർക്കും മുതിർന്ന നേതാക്കൾക്കും സീറ്റ് നിഷേധിച്ച് ശിവസേന ഷിൻഡെ വിഭാഗത്തിനു കൂടുതൽ സീറ്റ് നൽകിയത് ബി.ജെ.പിയിൽ പൊട്ടിത്തെറിയുണ്ടാക്കി. ബാൽതാക്കറേയുടെ കുടുംബ പാരമ്പര്യമേറുന്ന ഉദ്ധവ് താക്കറെ ശിവസേന വിഭാഗവും എൻ.സി.പി സ്ഥാപകൻ ശരത് പവാറും കോൺഗ്രസിനൊപ്പമാണെങ്കിലും പാർട്ടി ചിഹ്നം ലഭിക്കാതിരുന്നത് തിരിച്ചടിയാകുമോ എന്ന ഭയം മഹാവികാസ് അഘാഡി സഖ്യത്തിനുണ്ട്.