ജമ്മു കശ്മീർ ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു; 'ഇതിലും ഭേദം രാജഭരണമായിരുന്നു''- ഗുലാം നബി ആസാദ്
|'ഞാൻ എപ്പോഴും ദർബാർ മൂവിനെ പിന്തുണച്ച വ്യക്തിയാണ്. രാജഭരണത്തിൽ തുടങ്ങിവച്ച ഈ സമ്പ്രദായം കശ്മീരിന്റെയും ജമ്മുവിന്റെയും വികസനത്തിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്'
ജമ്മു കശ്മീരിൽ കഴിഞ്ഞ രണ്ടര വർഷമായി വികസന മുരടിപ്പാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. വിഷയത്തിൽ ബിജെപി സർക്കാരിനെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗുലാം നബി ആസാദ്. ' ഇതിലും ഭേദം രാജഭരണമായിരുന്നു' - എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജമ്മു കശ്മീരിൽ നിലനിന്നിരുന്ന ദർബാർ മൂവ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന തലസ്ഥാനം ആറു മാസം കൂടുമ്പോൾ മാറ്റുന്ന സമ്പ്രദായത്തെ താൻ പിന്താങ്ങുന്നതായും അദ്ദേഹം പറഞ്ഞു. 1872 ൽ മഹാരാജ ഗുലാബ് സിങ് തുടങ്ങിവെച്ച ദർബാർ മൂവ് കഴിഞ്ഞ ജൂണിലാണ് അവസാനിപ്പിച്ചത്.
'' ഞാൻ എപ്പോഴും ദർബാർ മൂവിനെ പിന്തുണച്ച വ്യക്തിയാണ്. രാജഭരണത്തിൽ തുടങ്ങിവച്ച ഈ സമ്പ്രദായം കശ്മീരിന്റെയും ജമ്മുവിന്റെയും വികസനത്തിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്'- അദ്ദേഹം പറഞ്ഞു.
' ഏകാധിപതികളെന്ന് ചരിത്രം വിളിച്ച രാജാക്കൻമാരാണ് നിലവിലെ സർക്കാരിനെക്കാളും നന്നായി ജമ്മു-കശ്മീർ ഭരിച്ചത്. നിലവിലെ സർക്കാർ നമ്മളിൽ നിന്ന് മൂന്ന് കാര്യങ്ങൾ പറിച്ചെടുത്തു- ദർബാർ മൂവ്, ഭൂമിയുടെയും ജോലിയുടെയും സംരക്ഷണം.'' കശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കൾ 370 പിൻവലിച്ചതിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ ബിസിനസ്, വികസനം, കൃഷി എല്ലാ കാര്യങ്ങളിലും പ്രതിസന്ധിയാണ്. ദാരിദ്രത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്നും അദ്ദേഹം ആശങ്കപ്പെട്ടു. അതേസമയം ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികളുടെ വളർച്ചയിൽ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.