India
അപൂർവ പ്രതികാര കഥ; നായ്ക്കുട്ടികളെ എറിഞ്ഞു കൊന്ന സംഭവത്തിൽ രണ്ടു കുരങ്ങന്മാർ പിടിയിൽ
India

അപൂർവ പ്രതികാര കഥ; നായ്ക്കുട്ടികളെ എറിഞ്ഞു കൊന്ന സംഭവത്തിൽ രണ്ടു കുരങ്ങന്മാർ പിടിയിൽ

Web Desk
|
19 Dec 2021 3:50 AM GMT

കുഞ്ഞിനെ കൊന്നതിന്റെ പ്രതികാരമായി 80 നായ്ക്കുട്ടികളെയാണ് കുരങ്ങന്മാർ കൊന്നത്

മനുഷ്യന്മാർ തമ്മിലുള്ള പ്രതികാര കഥ നമുക്ക് സുപരിചിതമാണ്. എന്നാൽ മൃഗങ്ങൾ തമ്മിലെ കുടിപ്പക കേട്ടുകേൾവി പോലുമില്ലായിരുന്നു. എന്നാൽ മഹാരാഷ്ട്രയിൽ കുരങ്ങന്മാരും നായ്ക്കളും തമ്മിലെ പ്രതികാര കഥ ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഒടുവിൽ ആ 'കൊലപാതപരമ്പരയിൽ' വഴിത്തിരിവുണ്ടായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മഹാരാഷ്ട്രയിലെ ബീഡി ജില്ലയിലെ മജൽഗാവിൽ 80 ഓളം നായ്ക്കുട്ടികളെ എറിഞ്ഞു കൊന്ന സംഭവത്തിൽ രണ്ടു കുരങ്ങന്മാർ പിടിയിലായി. ശനിയാഴ്ചയാണ് നാഗ്പൂർ വനംവകുപ്പ് കൊല നടത്തിയ രണ്ട് കുരങ്ങന്മാരെ പിടികൂടിയത്. ഇവരെ വനത്തിൽ വിട്ടയക്കുമെന്നും വനം വകുപ്പ് അറിയിച്ചു.

കുറച്ച് തെരുവ് നായ്ക്കൾ ചേർന്ന് ഒരു കുരങ്ങൻ കുഞ്ഞിനെ കടിച്ചു കൊന്നതുമുതലാണ് അസാധാരണമായ കുടിപ്പകയുടെ തുടക്കം. കുഞ്ഞിനെ കൊന്നതിന്റെ പ്രതികാരമായി 80 ഓളം നായ്ക്കുട്ടികളെയാണ് ഉയരമുള്ള മരത്തിന് മുകളിൽ നിന്നോ കെട്ടിടങ്ങളിൽ നിന്നോ കുരങ്ങന്മാർ എറിഞ്ഞുകൊന്നത്.മജൽഗാവിലെ ലവൂൽ എന്ന ഗ്രാമത്തിൽ നായ്ക്കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നതോടെയാണ് നാട്ടുകാരും ഈ പ്രതികാരകഥ അറിഞ്ഞു തുടങ്ങിയത്. നായ്ക്കുട്ടികളെ അന്വേഷിക്കാനായി കുരങ്ങന്മാരുടെ സംഘം സ്ഥിരമായി ഗ്രാമത്തിലേക്കെത്തുകയായിരുന്നു.

നായ്ക്കുട്ടികളെ കണ്ടെത്തിയാൽ അവയെ എല്ലാവരും ചേർന്ന് തട്ടിയെടുക്കുകയും മരത്തിനു മുകളിലേക്ക് വലിച്ചുകൊണ്ടുപോകുകയും ചെയ്യും. ഇത് തുടർന്നപ്പോൾ നാട്ടുകാർ വനം വകുപ്പിനോട് പരാതി പറയുകയായിരുന്നു. നടപടിയെടുക്കാതെയായപ്പോൾ നാട്ടുകാർ തന്നെ നായ്ക്കുട്ടികളെ രക്ഷിക്കാനുള്ള ശ്രമം തുടർന്നു. എന്നാൽ കുരങ്ങന്മാർ ഗ്രാമവാസികളെയും അക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. നാട്ടുകാരെ കൂടി ആക്രമിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ കുരങ്ങന്മാരെ പിടികൂടമണെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയത്. ഒടുവിൽ ലോക്കൽ പൊലീസിന്റെ സഹായത്തോടെയാണ് വനം വകുപ്പിന് കുരുങ്ങന്മാരെ പിടികൂടാൻ കഴിഞ്ഞത്.

Similar Posts