മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവം
|മഹാരാഷ്ട്രയിൽ 100 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്
ന്യൂഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ വേഗത്തിലാക്കാൻ പാർട്ടികൾ. ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അവസാന ഘട്ടത്തിലാണ്.
സ്ഥാനാർത്ഥി നിർണയ ചർച്ചകൾ വേഗത്തിലാക്കി പ്രചാരണ രംഗത്ത് മുന്നേറാനാണ് പാർട്ടികളുടെയും മുന്നണികളുടെയും തീരുമാനം. സ്റ്റിയറിങ് കമ്മിറ്റി യോഗങ്ങൾക്ക് പിന്നാലെ കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും.
മഹാരാഷ്ട്രയിലെ 62 സ്ഥാനാർത്ഥികളുടെ പേരുകൾ കേന്ദ്ര നേതൃത്വം അംഗീകരിച്ചതായി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. 100 സീറ്റുകളിലേക്കാണ് കോൺഗ്രസ് മത്സരിക്കാൻ ഒരുങ്ങുന്നത്.
ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയുടെ കരടുരൂപം തയ്യാറായി. 150 സ്ഥാനാർത്ഥികളെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. ബാക്കി സീറ്റുകളിൽ ഷിണ്ഡെ വിഭാഗവും അജിത് പവാർ വിഭാഗവും മത്സരിക്കും.
ജാർഖണ്ഡിൽ ബിജെപിയുടെ പട്ടിക ഉടൻ പുറത്തിറക്കും. അഴിമതി ആരോപണങ്ങളും ഭരണ വിരുദ്ധ വികാരങ്ങളും വോട്ടാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
അതേസമയം NDAയിൽ ഭിന്നതയും രൂക്ഷമാകുന്നു. എൻസിപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന വാർത്തകൾ ബിജെപിയുടെ ആത്മവിശ്വാസം കെടുത്തുന്നുണ്ട്. നിലവിലെ സഭയിൽ NCPക്ക് ഒരംഗമാണുള്ളത്.