നിയമസഭാ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി ഇന്ന് മഹാരാഷ്ട്രയില്‍, രാഹുല്‍ ജാര്‍ഖണ്ഡില്‍
|മഹാരാഷ്ട്രയിൽ കോൺഗ്രസിന് പിന്നാലെ ശിവസേന ഉദ്ധവ് വിഭാഗവും തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയതോടെ തിരക്കിട്ട പ്രചാരണങ്ങളുമായാണ് പാർട്ടികൾ മുന്നേറുന്നത്
മുംബൈ: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും തെരഞ്ഞടുപ്പ് പ്രചാരണത്തിനായി കൂടുതൽ ദേശീയ നേതാക്കളെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിൽ പ്രചാരണത്തിനെത്തും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജാർഖണ്ഡിലെ ഇൻഡ്യ സഖ്യത്തിന്റെ വിവിധ റാലികളിൽ ഇന്ന് പങ്കെടുക്കും.
മഹാരാഷ്ട്രയിൽ കോൺഗ്രസിന് പിന്നാലെ ശിവസേന ഉദ്ധവ് വിഭാഗവും തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയതോടെ തിരക്കിട്ട പ്രചാരണങ്ങളുമായാണ് പാർട്ടികൾ മുന്നേറുന്നത്. സൗജന്യ വാഗ്ദാനങ്ങൾ വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തും എന്നാണ് പാർട്ടികളുടെ വിലയിരുത്തൽ. കർണാടക മാതൃകയിൽ അഞ്ച് പ്രഖ്യാപനങ്ങളാണ് കോൺഗ്രസ് ഉറപ്പു നൽകിയിരിക്കുന്നത്. ബിജെപിയുടെ പ്രചാരണ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനത്ത് എത്തും. യോഗത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കും. 9 റാലികളാണ് വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നിശ്ചയിച്ചിരിക്കുന്നത്.
അതിനിടെ തെരഞ്ഞെടുപ്പ് ദിവസം സർക്കാർ ഉദ്യോഗസ്ഥർക്ക് മഹാരാഷ്ട്ര സർക്കാർ ശമ്പളത്തോടുകൂടിയുള്ള അവധി പ്രഖ്യാപിച്ചുണ്ട്. ജാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ പ്രചാരണരംഗം കൂടുതൽ കൊഴുപ്പിക്കുകയാണ് പാർട്ടികൾ. അവസാനഘട്ട പ്രചാരണത്തിൽ ദേശീയ നേതാക്കളാണ് നേതൃത്വം നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച റാലികളിൽ പങ്കെടുക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ഉള്ളവരാണ് പ്രചാരണ രംഗത്തെ താരത്തിളക്കം. രാഹുൽ ഗാന്ധി ഇന്ന് ഇന്‍ഡ്യ സഖ്യത്തിന്റെ വിവിധ റാലികളിൽ പങ്കെടുക്കും. അതേസമയം ജാർഖണ്ഡിലെ കോൺഗ്രസ് - ജെഎംഎം വാഗ്ദാനങ്ങൾ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ വിലയിരുത്തൽ.