കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ്
|ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യമാണ് ബന്ദ് പ്രഖ്യാപിച്ചത്
ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ്. ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യമാണ് ബന്ദ് പ്രഖ്യാപിച്ചത്. കടകള്‍ അടച്ചിട്ടാണ് പ്രതിഷേധം.
യു.പിയില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനമാണ് കര്‍ഷകര്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്.
"കർഷകരെ പിന്തുണയ്ക്കണമെന്ന് മഹാരാഷ്ട്രയിലെ 12 കോടി ജനങ്ങളോട് ഞാൻ അഭ്യർഥിക്കുന്നു. പിന്തുണയെന്നാൽ നിങ്ങളെല്ലാവരും ബന്ദിൽ പങ്കെടുക്കുകയും ഒരു ദിവസം ജോലി നിർത്തിവെയ്ക്കുകയും ചെയ്യണം"- മന്ത്രി നവാബ് മാലിക് ആവശ്യപ്പെട്ടു. അവശ്യ സര്‍വീസ് ഒഴികെ ബാക്കിയെല്ലാം അടച്ചിടും.
തന്റെ പാർട്ടി ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു- "മൂന്ന് പാര്‍ട്ടികളും ബന്ദിൽ സജീവമായി പങ്കെടുക്കും. ലഖിംപൂർ ഖേരിയിൽ നടന്നത് ഭരണഘടനയുടെ കൊലയാണ്. രാജ്യത്തെ കർഷകരെ കൊല്ലാനുള്ള ഗൂഢാലോചനയാണ് നടന്നത്".
കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനിടെ ബന്ദ് പ്രഖ്യാപിച്ചതിനോട് ചില വ്യാപാരി സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കോവിഡും ലോക്ക്ഡൌണും കാരണം കഴിഞ്ഞ 18 മാസമായി കഷ്ടപ്പാടാണ്. റീടെയില്‍ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ചില വ്യാപാരി സംഘടനകള്‍ ആവശ്യപ്പെട്ടു. അജയ് മിശ്രയെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ എല്ലാ രാജ്ഭവനുകൾക്കു മുൻപിലും കോൺഗ്രസ് മൗനവ്രത സമരവും നടത്തും
അതിനിടെ ലഖിംപുർ കർഷക കൊലപാതക കേസിൽ അറസ്റ്റിലായ ആശിഷ് മിശ്രയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് യുപി പൊലീസിന്‍റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മൂന്ന് ദിവസം ആശിഷ് മിശ്രയെ കസ്റ്റഡിയിൽ വിടണമെന്ന അപേക്ഷ ലഖിംപുർഖേരി മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. ആശിഷിനെ കൂടുതൽ ചോദ്യംചെയ്യുമ്പോൾ മറ്റ് പ്രതികളെ സംബന്ധിച്ചുള്ള വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.