മഹാരാഷ്ട്രയിൽ 74 സീറ്റുകളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ നേർക്കുനേർ പോരാട്ടം; വമ്പൻ പ്രചാരണത്തിന് പാർട്ടികൾ
|288 സീറ്റിൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസ് 102 സീറ്റുകളിൽ മത്സരിക്കുമ്പോൾ മഹായുതി സഖ്യത്തിന്റെ ഭാഗമായ ബിജെപി 148 സീറ്റുകളിലാണ് മത്സരിക്കുന്നത്.
മുംബൈ: ശിവസേനക്കാർ തമ്മില്‍( ഉദ്ധവ് താക്കറെ vs ഏക്നാഥ് ഷിന്‍ഡെ) അല്ലെങ്കിൽ എൻസിപിക്കാർ( ശരത് പവാര്‍ vs അജിത് പവാര്‍) തമ്മിലുള്ള പോര് എന്ന നിലയിലാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിനെ അധികവും കാണുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ബിജെപിയും കോൺഗ്രസും, ശിവസേനക്കും എൻസിപിക്കും പിന്നിലാണെന്നാണ് പലരും കരുതുന്നത്.
എന്നാല്‍, കോൺഗ്രസും ബിജെപിയും കൂടുതൽ സീറ്റുകളിൽ നേർക്കുനേർ പോരാടുന്നു എന്നതാണ് 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നൊരു കാര്യം. ഒടുവിലെ കണക്കുകള്‍പ്രകാരം 74 സീറ്റുകളിലാണ് ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാടുന്നത്. 288 സീറ്റിൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസ് 102 സീറ്റുകളിൽ മത്സരിക്കുമ്പോൾ മഹായുതി സഖ്യത്തിന്റെ ഭാഗമായ ബിജെപി 148 സീറ്റുകളിലാണ് മത്സരിക്കുന്നത്. സീറ്റെണ്ണത്തില്‍ കൂടുതല്‍ ബിജെപിയാണ്.
ഇരുപാർട്ടികൾക്കും നിർണായകമാണ് മഹാരാഷ്ട്ര. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ അടിയിൽ നിന്നും കരകയറാനാണ് സംസ്ഥാനത്ത് ബിജെപി ശ്രമിക്കുന്നത്. എന്നാൽ കോൺഗ്രസാകട്ടെ, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം തുടരാനും ശ്രമിക്കുന്നു. അതേസമയം ഹരിയാനയിൽ നിന്നേറ്റ അപ്രതീക്ഷിത പ്രഹരം കോൺഗ്രസിനുണ്ട്. ആ ക്ഷീണം തീർക്കാൻ മഹാരാഷ്ടയിലെ വിജയം ആ പാർട്ടിക്ക് അനിവാര്യമാണ്. അവിടെയും കാലിടറിയാല്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാവി തന്നെ ഒരു പക്ഷേ അവതാളത്തിലാകും.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ മത്സരിച്ച കോൺഗ്രസ് 13 സീറ്റുകളാണ് നേടിയത്. ബിജെപിയാകട്ടെ 2019ൽ നേടിയ സീറ്റുകൾ കുറഞ്ഞ് 9 സീറ്റിലൊതുങ്ങി. 23 പേരെയാണ് 2019ൽ ബിജെപി ലോക്സഭയിലെത്തിച്ചത്. ലോക്‌സഭയിൽ 15 സീറ്റുകളിലാണ് ഇരുപാർട്ടികളും നേരിട്ട് ഏറ്റുമുട്ടിയിരുന്നത്. ഇതിൽ നാല് സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. അകോല, നാഗ്പൂർ, മുംബൈ നോർത്ത്, പൂനെ എന്നിവിടങ്ങളിലാണ് ബിജെപി വിജയിച്ചത്.
അതേസമയം മഹാരാഷ്ട്രയിൽ ആര് അധികാരത്തിൽ വന്നാലും കോൺഗ്രസിനും ബിജെപിക്കും പ്രധാന പങ്കുവഹിക്കാനുണ്ടാകും. കൂടുതൽ പേരെ വിജയിപ്പിക്കാനായാൽ മുഖ്യമന്ത്രി സ്ഥാനത്തിന് വരെ അവകാശവാദം ഉന്നയിക്കാൻ ഇരുപാർട്ടികള്‍ക്കുമാകും. കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സീറ്റുകളിൽ കൂടുതലും മുംബൈക്ക് പുറത്താണ്. ഇതിൽ ഏറ്റവും കൂടുതൽ വിദർഭയിലാണ്-36 സീറ്റുകളിൽ.
ഒരു കാലത്ത് കോൺഗ്രസിന്റെയും പിന്നീട് ബി.ജെ.പി.യുടെയും ശക്തികേന്ദ്രമായി മാറിയ മേഖലയാണ് വിദർഭ. പാർട്ടിക്കകത്തെ പ്രമുഖരെല്ലാം ഈ മേഖലയില്‍ നിന്നാണ് മത്സരിക്കുന്നത്. ഇവരില്‍ പലരെയും മുഖ്യമന്ത്രി സ്ഥാനാർത്ഥികളായി പരിഗണിക്കുന്നുമുണ്ട്. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ്, കോണ്‍ഗ്രസിന്റെ നാനാ പടോളെ, ബാലാസാഹേബ് തോറാട്ട്, വിജയ് വഡേത്തിവാർ എന്നിവരും ബിജെപിയുടെ രാധാകൃഷ്ണ വിഖേ പാട്ടീലും ഇവിടെ നിന്ന് ജനവിധി തേടുന്നു. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിദർഭയിൽ ആകെയുള്ള 62 സീറ്റുകളിൽ 44 എണ്ണത്തിൽ ബിജെപി വിജയിച്ചിരുന്നു.
എന്നാൽ 2019ൽ 29 സീറ്റുകളിലെ കാവിപ്പാര്‍ട്ടിക്ക് വിജയിക്കാനായുള്ളൂ. ആദ്യമായാണ് ശിവസേനയും എൻസിപിയും പിളർന്നതിന് ശേഷം ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിന് മുമ്പത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളെല്ലാം ഒറ്റക്കെട്ടായാണ് ഇരു പാർട്ടികളും മത്സരിച്ചിരുന്നത്. ഈ പാർട്ടി പിളർത്തിയാണ് ബിജെപി സർക്കാർ രൂപീകരിച്ചത്. സംസ്ഥാനത്ത് നവംബർ 20 നാണ് തെരഞ്ഞെടുപ്പ്. 23 ന് ഫലം പ്രഖ്യാപിക്കും.