മറാഠാ സംവരണത്തിന് അനുകൂലമെന്ന് മഹാരാഷ്ട്ര സർക്കാർ: സർവകക്ഷി യോഗത്തിൽ പ്രമേയം
|നിയമനടപടികൾ അനുകൂലമാകുന്നത് വരെ സമരക്കാർ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ
മറാഠാ സംവരണത്തിന് അനുകൂലമെന്ന് മഹാരാഷ്ട്ര സർക്കാർ. സംവരണത്തിന് അനുകൂലമായി സർവകക്ഷി യോഗം പ്രമേയം പാസാക്കി. നിയമനടപടികൾ അനുകൂലമാകുന്നത് വരെ സമരക്കാർ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ആവശ്യപ്പെട്ടു.
സംവരണം ആവശ്യപ്പെട്ടുള്ള മറാത്ത പ്രക്ഷോഭം കൂടുതൽ അക്രമത്തിലേക്ക് നീങ്ങിയതോടെയാണ് മഹാരാഷ്ട്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചത് .സമര നേതാവ് മനോജ് ബാരങ്കെ പാട്ടീലിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ യോഗം ആവശ്യപ്പെട്ടു. സംവരണത്തിന് എല്ലാ പാർട്ടികളും അനുകൂലമാണെന്നും നിയമ പ്രശ്നങ്ങൾ മറികടക്കാൻ സമയം വേണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.
മാറാത്തക്കാർക്ക് സംവരണം, സർക്കാർ നേരത്തെ പ്രഖ്യാപിച്ചെങ്കിലും സുപ്രീംകോടതി വിധിയെത്തുടർന്നാണ് നടക്കാതെ പോയത്. സുപ്രിംകോടതി വിധി മറികടന്ന് സംവരണം നടപ്പാക്കണമെങ്കിൽ പാർലമെന്റിൽ പ്രത്യേക നിയമം പാസാക്കേണ്ടിവരും. മറാത്തയിലെ ഒരു വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി സ്ഥിതിഗതികൾ ശാന്തമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.
നിയമ പ്രശ്നങ്ങൾ നീക്കുന്നതിനായി വിരമിച്ച മൂന്ന് ജഡ്ജിമാരുടെ സമിതിയെ നിയോഗിച്ചു. പട്ടിക വിപുലപ്പെടുത്തുന്നതിനോട്, നിലവിൽ സംവരണ ആനുകൂല്യം ലഭിക്കുന്ന ഒബിസിക്കാർ എതിരാണ്. മന്ത്രിയും എൻസിപി നേതാവുമായ ഹസൻ മുഷരിഫിന്റെ കാർ അടിച്ചു തകർത്തതാണ് സംവരണ സമരക്കാരുടെ ഒടുവിലത്തെ അക്രമ സംഭവം .