'മറഞ്ഞിരിക്കുന്ന പല സത്യങ്ങളും എനിക്കറിയാം'; ഉദ്ധവ് താക്കറെയ്ക്ക് മുന്നറിയിപ്പുമായി ഷിന്‍ഡെ
|'ഞാൻ ഇന്റർവ്യൂ കൊടുക്കാൻ തുടങ്ങിയാൽ ഭൂകമ്പമുണ്ടാകും'
മുംബൈ: ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഞാൻ ഇന്റർവ്യൂ കൊടുക്കാൻ തുടങ്ങിയാൽ ഭൂകമ്പമുണ്ടാകുമെന്ന് ഷിൻഡെ പറഞ്ഞു.
'2002ൽ വാഹനാപകടത്തിൽ മരിച്ച സേനാ നേതാവ് ആനന്ദ് ദിഗെയ്ക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാം. അതിന് ഞാൻ സാക്ഷിയായിരുന്നു. ഇതിന് പുറമെ മറഞ്ഞിരിക്കും പല സത്യങ്ങളും തനിക്കറിയാമെന്നും ഷിൻഡെ ശനിയാഴ്ച പറഞ്ഞു. 'ചിലരെപ്പോലെ എല്ലാ വർഷവും അവധിക്ക് വിദേശയാത്ര നടത്തിയിട്ടില്ല. ശിവസേനയും അതിന്റെ വളർച്ചയും മാത്രമായിരുന്നു എന്റെ മനസ്സിൽ'. അദ്ദേഹം പറഞ്ഞു.
എൻ.സി.പിയുമായും കോൺഗ്രസുമായും കൈകോർക്കാനുള്ള ഉദ്ധവ് താക്കറയുടെ തീരുമാനത്തെയും ഷിൻഡെ ചോദ്യം ചെയ്തു. നിങ്ങൾ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിച്ചു. എന്നിട്ട് കോൺഗ്രസും എൻ.സി.പി.യുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയും മുഖ്യമന്ത്രിയാകാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത് വഞ്ചനയല്ലേ? എന്നും ഷിൻഡെ ചോദിച്ചു. മലേഗാവിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി.