'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം'; അമരാവതിയിലെ കോണ്‍ഗ്രസ് എംഎൽഎയെ സസ്പെൻഡ് ചെയ്തു
|മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നീക്കം
മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസ് എംഎൽഎയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. അമരാവതി എംഎല്‍എ സുൽഭ ഖോദ്കേയെ ആറ് വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അറിയിച്ചു. മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നീക്കം.
നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായ ജയന്ത് പാട്ടീലിന്റെ പരാജയത്തിന് കാരണമായി ക്രോസ് വോട്ട് ചെയ്ത നേതാവാണ് ഖോദ്കെ. ഈ വർഷം ആദ്യം നടന്ന നിയമസഭാ കൗൺസിലിൽ ഖോദ്കെ ഉൾപ്പെടെ ഏഴ് എംഎൽഎമാരാണ് ക്രോസ് വോട്ട് ചെയ്തത്.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് ഖോദ്കെക്ക് എതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന കോൺഗ്രസ് മേധാവി നാന പടോലെ അറിയിച്ചു. പാർട്ടിയുടെ മഹാരാഷ്ട്ര ചുമതല വഹിക്കുന്ന രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് നടപടിയെന്നും പടോലെ വ്യക്തമാക്കി.
അതേസമയം ഖോദ്കെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻസിപിയിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സുൽഭ ഖോദ്കെയുടെ ഭർത്താവ് അജിത് പവാറുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണെന്നും വാർത്തകളുണ്ട്.