India
മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പ്:  നേട്ടം കൊയ്ത് ബി.ജെ.പി, മഹാ വികാസ് അഖാഡി സഖ്യത്തിന് തിരിച്ചടി
India

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പ്: നേട്ടം കൊയ്ത് ബി.ജെ.പി, മഹാ വികാസ് അഖാഡി സഖ്യത്തിന് തിരിച്ചടി

Web Desk
|
21 Jun 2022 2:42 AM GMT

ഭരണപക്ഷ എം‌.എൽ.‌എമാരുടെ ക്രോസ് വോട്ടിങ്ങാണ് ബി.ജെ.പിയുടെ വിജയത്തിന് കാരണമെന്നാണ് വിലയിരുത്തല്‍

മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയിൽ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് നേട്ടം. മഹാ വികാസ് അഖാഡി സഖ്യം തിരിച്ചടി നേരിട്ടു. ബി.ജെ.പിയുടെ അഞ്ച് സ്ഥാനാർഥികള്‍ ജയിച്ചു. ശിവസേന, എൻ.സി.പി സ്ഥാനാർഥികള്‍ രണ്ടു വീതം സീറ്റുകൾ വിജയിച്ചു. കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് ജയിക്കാനായത്.

ഭരണപക്ഷ എം‌.എൽ.‌എമാരുടെ ക്രോസ് വോട്ടിങ്ങാണ് ബി.ജെ.പിയുടെ വിജയത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. പത്താം സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മഹാ വികാസ് അഖാഡിക്ക് അഭിമാനപ്രശ്നമായിരുന്നു. ഈ സീറ്റില്‍ കോൺഗ്രസിന്റെ ഭായ് ജഗതാപ് തോറ്റു. ക്രോസ് വോട്ടിങ് തുണച്ചതോടെ ബി.ജെ.പി സ്ഥാനാർഥി പ്രസാദ് ലാഡാണ് വിജയിച്ചത്.

ലെജിസ്ലേറ്റീവ് കൗൺസിലിലെ 10 സീറ്റുകളിലേക്ക് 11 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്, എംവിഎ സഖ്യകക്ഷികളായ ശിവസേന, എൻസിപി, കോൺഗ്രസ് എന്നിവർ രണ്ട് സ്ഥാനാർഥികളെ വീതം നിർത്തി. ബി.ജെ.പി അഞ്ച് സ്ഥാനാർഥികളെ നാമനിർദേശം ചെയ്തു. സംസ്ഥാന നിയമസഭയിലെ പാർട്ടികളുടെ അംഗബലം കണക്കിലെടുത്ത് 9 സ്ഥാനാർഥികൾ വിജയം ഉറപ്പിച്ചപ്പോൾ, കോൺഗ്രസിന്റെ മുംബൈ പ്രസിഡന്റ് ഭായ് ജഗതാപും ബി.ജെ.പിയുടെ പ്രസാദ് ലാഡും തമ്മിലായിരുന്നു പ്രധാന മത്സരം. ഓരോ സ്ഥാനാർഥിക്കും വിജയിക്കാൻ കുറഞ്ഞത് 26 എം‌.എൽ‌.എമാരുടെ പിന്തുണ ആവശ്യമായിരുന്നു. ചെറിയ പാർട്ടികളുടെയും സ്വതന്ത്രരുടെയും 29 എം.എൽ.എമാർ തെരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിച്ചു.

ശിവസേന സ്ഥാനാർഥികളായ സച്ചിൻ അഹിറും അംശ്യ പദ്വിയും വിജയിച്ചു. എന്‍.സി.പിയിലെ ഏകനാഥ് ഖഡ്‌സെയും രാംരാജെ നിംബാൽക്കറും തെരഞ്ഞെടുക്കപ്പെട്ടു. പ്രസാദ് ലാഡിനെ കൂടാതെ ബി.ജെ.പിയില്‍ നിന്ന് ശ്രീകാന്ത് ഭാരതി, പ്രവീൺ ദാരേക്കർ, ഉമ ഖപ്രെ, രാം ഷിൻഡെ എന്നിവരും വിജയിച്ചു.

"തെരഞ്ഞെടുപ്പ് പദ്ധതി തയ്യാറാക്കിയ ദേവേന്ദ്ര ഫഡ്‌നാവിസിന് ഞാൻ നന്ദി പറയുന്നു. ഈ ഫലം മഹാവികാസ് അഖാഡിയെയും ശിവസേനയെയും സംബന്ധിച്ച് വന്‍ പരാജയമാണ്"- പ്രസാദ് ലാഡ് പറഞ്ഞു.

44 കോൺഗ്രസ് എം.എൽ.എമാർ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിലും 41 എം.എൽ.എമാർ മാത്രമാണ് കോൺഗ്രസിന് ഒന്നാം മുൻഗണനയിൽ വോട്ട് ചെയ്‌തതെന്ന് ഫലങ്ങൾ വ്യക്തമാക്കുന്നു. മൂന്ന് കോൺഗ്രസ് എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്തു.

ബി.ജെ.പി എം.എൽ.എമാരായ മുക്ത തിലകും ലക്ഷ്മൺ ജഗ്താപും വോട്ട് ചെയ്തതിൽ കോൺഗ്രസ് എതിർപ്പ് ഉന്നയിച്ചതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ വൈകി. രോഗബാധിതരായ ഈ എം.എല്‍.എമാര്‍ സഹായികളുടെ സഹായത്തോടെയാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത് കോൺഗ്രസ് എതിർത്തു. എന്നാൽ എതിര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞു.

Similar Posts