മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
|മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കോപ്രി-പച്ച്പഖാഡി മണ്ഡലത്തിൽ മത്സരിക്കും
മുംബൈ: മഹാരാഷ്ട്രയിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കോൺഗ്രസ് - ഉദ്ധവ്പക്ഷ ശിവസേനയുടെ തർക്കം പരിഹരിച്ചതോടെയാണ് മഹാവികാസ് അഘാഡി സ്ഥാനാർഥി പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്. ഷിൻഡേ വിഭാഗം ശിവസേന ഇന്നലെ 45 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജാർഖണ്ഡിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയും ഇന്ന് പുറത്തു വന്നേക്കും.
63 സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിട്ടുണ്ട്. 105 സീറ്റുകളിൽ കോൺഗ്രസ്സും 95 സീറ്റുകളിൽ ശിവസേന ഉദ്ദവ് താക്കറേ വിഭാഗവും, 84 സീറ്റുകളിൽ എൻസിപി അജിത് പവാർ വിഭാഗവും മത്സരിക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കോപ്രി-പച്ച്പഖാഡി മണ്ഡലത്തിൽ മത്സരിക്കും. അതേസമയം വിമത ഭീഷണി നിലനിൽക്കുന്ന ബിജെപി അനുനയ നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ജാർഖണ്ഡിൽ ആർജെഡി ആറ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസ് കഴിഞ്ഞദിവസം 21 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. 81 സീറ്റുകൾ ഉള്ള ജാർഖണ്ഡിൽ 70 സീറ്റുകളിൽ ജെഎംഎംമ്മും കോൺഗ്രസ്സും മത്സരിക്കും. ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പാർട്ടിക്ക് തലവേദന ഉയർത്തുന്നുണ്ട്. രണ്ട് ഘട്ടമായാണ് ജാർഖണ്ഡിൽ വോട്ടെടുപ്പ് നടക്കുന്നത്.