ഉദ്ധവ് താക്കറയെ മുഖ്യമന്ത്രിയാക്കി മഹാരാഷ്ട്രയില്‍ പോസ്റ്ററുകള്‍
|ബാന്ദ്ര ഈസ്റ്റിലെ താക്കറെയുടെ കുടുംബ വസതിയായ മാതോശ്രീക്ക് പുറത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുന്‍മുഖ്യമന്ത്രിയും ശിവസേന (യുബിടി) നേതാവുമായ ഉദ്ധവ് താക്കറയെ മുഖ്യമന്ത്രിയാക്കി പോസ്റ്ററുകള്‍.
ബാന്ദ്ര ഈസ്റ്റിലെ താക്കറെയുടെ കുടുംബ വസതിയായ മാതോശ്രീക്ക് പുറത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. താക്കറെയുടെ ഫോട്ടോക്കൊപ്പം ബാല്‍ താക്കറെയുടെയും മറ്റ് പ്രമുഖ നേതാക്കളുടെയും ചിത്രങ്ങള്‍ പോസ്റ്ററിലുണ്ട്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ആരാകും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇത്തരത്തിലൊരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം എക്സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന കാഴ്ചയാണ് മഹാരാഷ്ട്രയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം കേവലഭൂരിപക്ഷമായ 145 കടന്നു. 147 സീറ്റുകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. 84 സീറ്റുകളിലാണ് എംവിഎ സഖ്യം മുന്നിട്ട് നില്‍ക്കുന്നത്. മഹായുതി സഖ്യത്തിനുള്ളില്‍ ബിജെപിക്ക് തന്നെയാണ് ലീഡ്. 81 സീറ്റുകളിലാണ് ബിജെപി മുന്നില്‍. ഷിൻഡെ സേന മത്സരിക്കുന്ന 81ൽ 43ലും അജിത് പവാറിൻ്റെ എൻസിപി 59ൽ 23ലും മുന്നിലാണ്.
എംവിഎ സഖ്യത്തിനുള്ളില്‍ കോണ്‍ഗ്രസ് 35 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ശരത് പവാറിന്റെ എന്‍സിപി 25ലും താക്കറെ സേന 23ലും മുന്നിട്ട് നില്ക്കുന്നു.