ഭാഗ്യം കൊണ്ടുവന്ന വിലക്കയറ്റം; തക്കാളി വിറ്റ് ഒരു മാസം കൊണ്ട് കോടീശ്വരനായ മഹാരാഷ്ട്രയിലെ കര്ഷകന്
|തുക്കാറാം ഭാഗോജി ഗയാക്കറും കുടുംബവുമാണ് ഒരു മാസം കൊണ്ട് 13,000 തക്കാളി പെട്ടികൾ വിറ്റ് 1.5 കോടിയിലധികം സമ്പാദിച്ചത്
മുംബൈ: തക്കാളിയുടെ വിലക്കയറ്റം സാധാരണക്കാരെ പൊള്ളിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ബമ്പറടിച്ചതു പോലെയാണ്. തങ്ങളുടെ വിളകള്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ വില കിട്ടിത്തുടങ്ങിയതോടെ സന്തോഷത്തിലാണ് പലരും. ഈയിടെ തക്കാളി വിറ്റ് 38 ലക്ഷം രൂപ ലാഭമുണ്ടാക്കിയ കര്ഷകന് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ തക്കാളി വില്പനയിലൂടെ ഒരു മാസം കൊണ്ട് കോടീശ്വരനായ കര്‍ഷകന്റെ കഥയാണ് പുറത്തുവരുന്നത്.
തുക്കാറാം ഭാഗോജി ഗയാക്കറും കുടുംബവുമാണ് ഒരു മാസം കൊണ്ട് 13,000 തക്കാളി പെട്ടികൾ വിറ്റ് 1.5 കോടിയിലധികം സമ്പാദിച്ചത്. തുക്കാറാമിന് 18 ഏക്കർ കൃഷിഭൂമിയാണ് ഉള്ളത്. ഇതില്‍ 12 ഏക്കർ സ്ഥലത്താണ് തക്കാളി കൃഷി. മകൻ ഈശ്വർ ഗയാക്കറും മരുമകൾ സൊനാലിയും ചേർന്നാണ് കൃഷി ചെയ്യുന്നത്. നല്ല ഗുണനിലവാരമുള്ള തക്കാളിയാണ് തങ്ങൾ കൃഷി ചെയ്യുന്നതെന്ന് കുടുംബം പറഞ്ഞു.വെള്ളിയാഴ്ച 900 പെട്ടി തക്കാളി വിറ്റപ്പോള്‍ 18 ലക്ഷം രൂപയാണ് ഗയാക്കറിന് ലഭിച്ചത്. കഴിഞ്ഞ മാസം, ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഒരു പെട്ടിക്ക് 1,000 രൂപ മുതൽ 2,400 രൂപ വരെ വിലയ്ക്ക് തക്കാളി വിൽക്കാൻ കഴിഞ്ഞു.തുക്കാറാമിന്റെ മരുമകൾ സൊനാലി നടീൽ, വിളവെടുപ്പ്, പായ്ക്കിംഗ് തുടങ്ങിയ ജോലികൾ കൈകാര്യം ചെയ്യുമ്പോൾ, മകൻ ഈശ്വർ വിൽപ്പന, നടത്തിപ്പ്, സാമ്പത്തിക ആസൂത്രണം എന്നിവ കൈകാര്യം ചെയ്യുന്നു.വിപണി സാഹചര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞതിനാല്‍ കഴിഞ്ഞ മൂന്ന് മാസത്തെ കഠിനാധ്വാനത്തിന് നല്ല ഫലം ലഭിച്ചുവെന്ന് കുടുംബം പറയുന്നു.
പൂനെ ജില്ലയിലെ ജുന്നാർ എന്ന നഗരത്തിൽ ഇപ്പോൾ തക്കാളി കൃഷി ചെയ്യുന്ന നിരവധി കർഷകർ കോടീശ്വരന്മാരായി മാറിയിട്ടുണ്ട്. നാരായണ്ഗഞ്ചിലെ ജുന്നു അഗ്രികൾച്ചറൽ പ്രൊഡക്സ് മാർക്കറ്റ് കമ്മിറ്റിയുടെ മാർക്കറ്റിൽ, നല്ല ഗുണനിലവാരമുള്ള (20 കിലോഗ്രാം) തക്കാളിക്ക് ഏറ്റവും ഉയർന്ന വില 2,500 രൂപയായിരുന്നു, അതായത് കിലോഗ്രാമിന് 125 രൂപ. തക്കാളി വിൽപനയിലൂടെ ഒരു മാസം 80 കോടി രൂപയുടെ ബിസിനസ് നടത്തിയ കമ്മിറ്റി പ്രദേശത്തെ 100-ലധികം സ്ത്രീകൾക്ക് തൊഴിലും നൽകി.