ഒമിക്രോണ്‍ 100 കടന്നു; കടുത്ത നിയന്ത്രണങ്ങളിലേക്ക് മഹാരാഷ്ട്ര
|ലോക്ഡൗണ്‍ തല്‍ക്കാലമില്ലെന്ന് ആരോഗ്യമന്ത്രി
ഒമിക്രോണ്‍ രോഗികളുടെ എണ്ണം നൂറ് കടന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി മഹാരാഷ്ട്ര. പ്രാദേശിക ദുരന്തനിവാരണ അതോററ്റികള്‍ക്കും ജില്ല കലക്ടര്‍മാര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി കഴിഞ്ഞു. രാജ്യത്ത് സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളുടെ മൂന്നിലൊന്ന് ഭാഗവും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ദിവസം മാത്രം 12,108 കൊവിഡ് കേസാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ നിലവില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത ആരോഗ്യമന്ത്രി രാജേഷ് ടോപെ തള്ളിക്കളഞ്ഞു. മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യം പ്രതിദിനം 800 മെട്രിക് ടണ്ണില്‍ എത്തിയാല്‍ മാത്രമേ സംസ്ഥാനത്ത് പുതിയ ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയൊള്ളൂ എന്നും മന്ത്രി അറിയിച്ചു.
എന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.ദുബായില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴുദിവസത്തെ ഹോംക്വാറൻൈനും ഏഴാം ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഇന്‍ഡോര്‍ വിവാഹങ്ങളില്‍ 100 പേരെ മാത്രമേ അനുവദിക്കൂ, ഔട്ട്‌ഡോര്‍ വിവാഹങ്ങളില്‍ 250 പേരെയും അനുവദിക്കും.സാമൂഹിക, രാഷ്ട്രീയ, മതപരമായ ഒത്തുചേരലുകളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. കായിക മത്സരങ്ങള്‍ക്കും കായിക ചടങ്ങുകള്‍ക്കുമുള്ള ഹാജര്‍ വേദിയിലെ ഇരിപ്പിട ശേഷിയുടെ 25 ശതമാനത്തില്‍ കൂടരുത്.റെസ്റ്റോറന്റുകള്‍ ജിമ്മുകള്‍, സ്പാകള്‍, സിനിമാശാലകള്‍, തിയേറ്ററുകള്‍ എന്നിവ 50% ശേഷിയില്‍ പ്രവര്‍ത്തിക്കുന്നത് തുടരാം.