'ആരാണ് എൻസിപിയുടെ സ്ഥാപകനെന്ന് മഹാരാഷ്ട്രക്ക് അറിയാം': ശരദ് പവാർ
|'ഞങ്ങൾ പ്രതീക്ഷിച്ച വിധിയല്ല ഇത്, ജനങ്ങൾ നൽകിയതാണ്'
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി എൻസിപി എസ്പി തലവൻ ശരദ് പവാർ. ജനങ്ങൾ നൽകിയ വിധിയാണിതെന്ന് ശരദ് പവാർ പറഞ്ഞു. പാർട്ടി പിളർത്തി പുറത്തേക്ക് പോയ അജിത് പവാറിനെതിരെയും ശരദ് പവാർ ആഞ്ഞടിച്ചു.
'ഞങ്ങൾ പ്രതീക്ഷിച്ച വിധിയല്ല ഇത്, ജനങ്ങൾ നൽകിയതാണ്. അജിത് പവാർ വിഭാഗം കൂടുതൽ വോട്ടുകൾ നേടിയത് ഞാൻ അംഗീകരിക്കുന്നു. എന്നാൽ ആരാണ് എൻസിപിയുടെ സ്ഥാപകനെന്ന് മഹാരാഷ്ട്രക്ക് അറിയാം.'- ശരദ് പവാർ പറഞ്ഞു.
എൻസിപി എസ്പി വിഭാഗത്തിന് മഹാരാഷ്ട്രയിൽ വെറും 10 സീറ്റ് മാത്രമാണ് നേടാനായത്. 1999ൽ പാർട്ടി രൂപീകരിച്ചതിനുശേഷമുള്ള ഏറ്റവും മോശം ജനവിധിയാണിത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് അജിത് പവാർ എൻസിപി പിളർത്തി തൻ്റെ കൂടെയുള്ള എംഎൽഎമാരുമായി ബിജെപി- ശിവ്സേന സർക്കാരിൽ പങ്കാളിയായത്. തുടർന്ന് അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകുകയും ചെയ്തു.
മഹാരാഷ്ട്രയിൽ 132 സീറ്റാണ് ബിജെപി നേടിയത്. ശിവസേന ഷിൻഡെ വിഭാഗം 57 സീറ്റിലും എൻസിപി അജിത് പവാർ പക്ഷം 41 സീറ്റിലും വിജയിച്ചു. 95 സീറ്റിൽ മത്സരിച്ച ശിവസേന ഉദ്ധവ് വിഭാഗത്തിന് 20 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ശരദ് പവാർ എന്ന മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായകന് ഏറ്റവും വലിയ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ്.