മഹാരാഷ്ട്ര കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്തതായി റിപ്പോർട്ട്
|ഏഴ് കോൺഗ്രസ് എം.എൽ.എമാരെങ്കിലും ക്രോസ് വോട്ട് ചെയ്തതായാണ് റിപ്പോർട്ട്
മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലെ 11 സീറ്റുകളിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഏഴ് കോൺഗ്രസ് എം.എൽ.എമാരെങ്കിലും ക്രോസ് വോട്ട് ചെയ്തതായി റിപ്പോർട്ട്.
37 എം.എൽ.എമാരാണ് കോൺഗ്രസിനുള്ളത്. പാർട്ടി സ്ഥാനാർഥി പ്രദ്യന സാദവിന് 30 ഒന്നാം മുൻഗണന വോട്ടുകൾ നൽകാൻ നിർദേശിച്ചിരുന്നു. ബാക്കിയുള്ള ഏഴ് വോട്ടുകൾ സഖ്യകക്ഷിയായ ശിവസേന (യു.ബി.ടി) സ്ഥാനാർഥി മിലിന്ദ് നർവേക്കറിനും നൽകാൻ നിർദേശിച്ചിരുന്നു.
ഫലം വന്നപ്പോൾ സദവിന് 25 ഉം നർവേക്കറിന് 22 ഉം മുൻഗണന വോട്ടുകളാണ് ലഭിച്ചത്. ഇതോടെയാണ് ഏഴ് കോൺഗ്രസ് എം.എൽ.എമാരെങ്കിലും ക്രോസ് വോട്ട് ചെയ്തെന്ന് വ്യക്തമായത്.
ബി.ജെ.പി, ശിവസേന, എൻ.സി.പി ഉൾപ്പെടുന്ന മഹായുതി സഖ്യം മത്സരിച്ച ഒമ്പത് സീറ്റുകളിലും ജയിച്ചു. പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്ന് 2 പേരാണ് വിജയിച്ചത്. എന്നാൽ എൻ.സി.പി പിന്തുണയോടെ മത്സരിച്ച ശരദ് പവാറിന്റെ നേതൃത്വത്തിലുള്ളൻ പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി സ്ഥാനാർഥി ജയന്ത് പാട്ടീൽ പരാജയപ്പെട്ടു.