മഹാരാഷ്ട്ര: ഓപ്പറേഷൻ താമരയിൽ വീഴുന്ന ആറാം സംസ്ഥാനം
|ഇക്കാലയളവിൽ മമത ബാനർജി മാത്രമാണ് ഓപ്പറേഷൻ താമരയുടെ ഇതളുകൾ തല്ലി കൊഴിച്ചത്
മഹാരാഷ്ട്ര: ഉദ്ധവ് താക്കറെ സർക്കാരിനെ അട്ടിമറിച്ചതോടെ ഓപ്പറേഷൻ താമരയിൽ വീഴുന്ന ആറാമത്തെ സംസ്ഥാനമായി മഹാരാഷ്ട്ര. ജാർഖണ്ഡിൽ എംഎൽഎ മാരെ അടർത്തിമാറ്റി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം ബിജെപി തുടരുകയാണ്. ജനവിധി അട്ടിമറിക്കുന്ന ബിജെപി നീക്കത്തിനെതിരെ കോൺഗ്രസ് കടുത്ത നിലപാടുമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
ഒന്നിന് പിന്നാലെ മറ്റൊന്നായി ബിജെപി ഇതര സർക്കാരുകൾ വീഴുന്നത് കേന്ദ്രത്തിൽ നരേന്ദ്രമോദി അധികാരത്തിൽ എത്തിയ ശേഷമാണ്. ഗോവ, അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, കർണാടക, മേഘാലയ എന്നിങ്ങനെ രാജ്യത്തിന്റെ എല്ലാ ദിക്കിലും ഓപ്പറേഷൻ താമരയിലൂടെ ബിജെപി അധികാരത്തിലെത്തി. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ കോൺഗ്രസ് നേതാക്കളിൽ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ഗോവയിൽ ബിജെപി ഭരണം പിടിക്കുന്നത്. 15 കോൺഗ്രസ് എംഎൽഎമാരെയും 2 ജെഡിഎസ് എംഎൽഎമാരെയും ബിജെപിയിൽ കൊണ്ടുവന്നാണ് കോൺഗ്രസ് സഖ്യസർക്കാർ കർണാടകത്തിൽ അട്ടിമറിച്ചിട്ടത്.
മധ്യപ്രദേശിൽ 15 മാസം തികഞ്ഞ കമൽനാഥ് സർക്കാരിനെ അട്ടിമറിക്കുന്നത് ഒറ്റയടിക്ക് 22 കോൺഗ്രസ് എംഎൽഎമാരെ ബിജെപിയിൽ എത്തിച്ചായിരുന്നു. കോവിഡ് പടർന്നു പിടിക്കുമ്പോഴും സർക്കാരിനെ അട്ടിമറിക്കുന്നതിനെതിരെ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ശബ്ദമുയർത്തിയിരുന്നു. 2020 മാർച്ച് 20 ന് കമൽനാഥ് രാജിവച്ചതോടെ പിറ്റേ ദിവസം സമ്പൂർണ ലോക്ക്ഡൗൺ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ശിവസേനയിലെ വിമതരെ ബിജെപി ഭരിക്കുന്ന അസമിലും ഗോവയിലും താമസിപ്പിച്ചാണ് മൂന്നാം ഫഡ്‌നാവിസ് സർക്കാരിന് വേണ്ടി അണിയറ നീക്കങ്ങൾ പുരോഗമിക്കുന്നത്. ബിജെപിക്കെതിരെ നിലയുറപ്പിച്ച സഞ്ജയ് റൗത്ത് ഉൾപ്പെടെയുള്ള നേതാക്കളെ ഒരു ഭാഗത്ത് ഇ.ഡിയും ചോദ്യം ചെയ്യുന്നുണ്ട്. ഇക്കാലയളവിൽ മമത ബാനർജി മാത്രമാണ് ഓപ്പറേഷൻ താമരയുടെ ഇതളുകൾ തല്ലി കൊഴിച്ചത്