India
ഉദ്ധവ് സര്‍ക്കാരിനെ വീഴ്ത്തുമോ ബി.ജെ.പി? കണക്കുകള്‍ ഇങ്ങനെ...
India

ഉദ്ധവ് സര്‍ക്കാരിനെ വീഴ്ത്തുമോ ബി.ജെ.പി? കണക്കുകള്‍ ഇങ്ങനെ...

Web Desk
|
21 Jun 2022 7:16 AM GMT

ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ നിലവില്‍ 106 എം.എൽ.എമാരുമാണുള്ളത്.

മുംബൈ: ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്നതാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സര്‍ക്കാര്‍. ഉദ്ധവ് സർക്കാരിന് സ്വതന്ത്രരുടെ ഉള്‍പ്പെടെ 169 പേരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. കേവല ഭൂരിപക്ഷത്തിന് ആവശ്യം 144 എന്ന അംഗസംഖ്യയാണ്. ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ നിലവില്‍ 106 എം.എൽ.എമാരാണുള്ളത്. ചില സ്വതന്ത്രരുടെ പിന്തുണ ബി.ജെ.പിയും അവകാശപ്പെടുന്നുണ്ട്. 144 എന്ന കേവല ഭൂരിപക്ഷത്തിലെത്താന്‍ മഹാ വികാസ് സഖ്യത്തിലെ എം.എല്‍.എമാരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബി.ജെ.പിക്ക് കഴിയുമോ എന്നാണ് അറിയാനുള്ളത്.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ 56 സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കോൺഗ്രസിന്‍റെ 44 എം.എൽ.എമാരും എന്‍.സി.പിയുടെ 53 എം.എൽ.എമാരും നിയമസഭയിലെത്തി. 288 അംഗ നിയമസഭയില്‍ ബാക്കിയുള്ള എം.എല്‍.എമാര്‍ ചെറിയ പാര്‍ട്ടികളുടെ പ്രതിനിധികളോ സ്വതന്ത്രരോ ആണ്. ബി.ജെ.പിക്ക് ഒപ്പമുള്ള സഖ്യം അവസാനിപ്പിച്ചാണ് ശിവസേന എന്‍.സി.പിയും കോണ്‍ഗ്രസുമായി കൈകോര്‍ത്തത്. മഹാരാഷ്ട്രയില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഇതിനിടെ പല തവണ ബി.ജെ.പി നേതാക്കള്‍ അവകാശപ്പെട്ടിട്ടുണ്ട്. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഓപ്പറേഷന്‍ കമലയെന്നാണ് റിപ്പോര്‍ട്ട്.

മന്ത്രി 'നോട്ട് റീച്ചബിള്‍'

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് മന്ത്രി ഏക്നാഥ് ഷിന്‍ഡെ. മന്ത്രി 21 എം.എല്‍.എമാര്‍ക്കൊപ്പം ഗുജറാത്തിലെ സൂറത്തിലെത്തിയെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്.

ഏക്നാഥ് ഷിന്‍ഡെയും 21 എം.എല്‍.എമാരും സൂറത്തിലെ ഒരു റിസോര്‍ട്ടിലാണെന്നാണ് റിപ്പോർട്ട്. ഉദ്ധവ് സര്‍ക്കാരിലെ നഗര വികസനകാര്യ മന്ത്രിയാണ് ഏക്നാഥ് ഷിന്‍ഡെ. താനെയില്‍ നിന്നുള്ള നേതാവാണ് അദ്ദേഹം. താനെയില്‍ ശിവസേനയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2004, 2009, 2014, 2019 വര്‍ഷങ്ങളില്‍ നിയമസഭയിലെത്തി.

ലെജിസ്ലേറ്റീവ് കൌണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ഏക്നാഥ് ഷിന്‍ഡെയെ ഫോണില്‍ പോലും ലഭിക്കാതായത്. തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ് നടന്നുവെന്ന വിലയിരുത്തലുണ്ടായതിന് പിന്നാലെയാണ് മന്ത്രിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. ലെജിസ്ലേറ്റീവ് കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ ശിവസേനയും എന്‍.സി.പിയും രണ്ട് സീറ്റില്‍ വീതം ജയിച്ചു. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ ജയിക്കാനേ കഴിഞ്ഞുള്ളൂ.

ബി.ജെ.പിക്ക് മഹാരാഷ്ട്ര നിയമസഭയില്‍ 106 എം.എല്‍.എമാരാണുള്ളത്. അഞ്ച് സീറ്റില്‍ ജയിക്കണമെങ്കില്‍ സ്വതന്ത്രരുടെയോ ചെറിയ പാര്‍ട്ടികളുടെയോ വോട്ട് ലഭിക്കണം. അതുമല്ലെങ്കില്‍ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടാവണം- "ഞങ്ങള്‍ സന്തുഷ്ടരാണ്. മഹാരാഷ്ട്ര ബി.ജെ.പിയില്‍ വിശ്വാസം അര്‍പ്പിച്ചു. ശിവസേന, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടുണ്ട്. അല്ലെങ്കില്‍ ഇത്രയും വോട്ട് ലഭിക്കില്ലായിരുന്നു"- ബി.ജെ.പി സ്ഥാനാര്‍ഥി പ്രവീണ്‍ ദരേകര്‍ പറഞ്ഞു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശിവസേന എം.എല്‍.എമാരുടെ യോഗം വിളിച്ചു.

ശിവസേന എം.എല്‍.എമാരെ കാണാന്‍ ബി.ജെ.പി നേതാക്കളെത്തി

ഗുജറാത്തിലെ സൂറത്തിൽ മെറിഡിയൻ ഹോട്ടലിലാണ് മന്ത്രിയും എം.എല്‍.എമാരും എന്നാണ് റിപ്പോര്‍ട്ട്. ഇവരെ കാണാൻ ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സാങ്‌വി, ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ സി.ആർ പാട്ടീൽ എന്നിവർ ഹോട്ടലിലെത്തിയിട്ടുണ്ട്. ഉച്ചയോടെ ഏകനാഥ് ഷിൻഡെ മാധ്യമങ്ങളെ കാണും.

മധ്യപ്രദേശിലും രാജസ്ഥാനിലും നടത്തിയതുപോലുള്ള ഗൂഢാലോചനയാണ് മഹാരാഷ്ട്രയിലും ബി.ജെ.പി നടത്തുന്നതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാൽ അതൊരിക്കലും ഇവിടെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ വൈകീട്ട് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും.



Related Tags :
Similar Posts