മഹാരാഷ്ട്രയിൽ ബി.ജെ.പി അധികാരത്തിലേക്ക്; പിന്തുണക്കത്തുമായി ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് ഗവർണറെ കാണും
|മഹാവികാസ് അഗാഡി സഖ്യം തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോണ്‍ഗ്രസ് യോഗം ആരംഭിച്ചു.
മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി അധികാരത്തിലേക്ക്. വിമത എം.എൽ.എമാരുടെ പിന്തുണ കത്തുമായി ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് ഗവർണറെ കാണും. രണ്ട് ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ഉണ്ടായേക്കും. മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ വേഗത്തിൽ ആരംഭിക്കുമെന്ന് ഏക്നാഥ് ഷിൻഡേ വ്യക്തമാക്കി. മഹാവികാസ് അഘാഡി സഖ്യം തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോണ്‍ഗ്രസ് യോഗം ആരംഭിച്ചു.
39 ശിവസേന വിമത എംഎൽഎമാരുടെയും സ്വതന്ത്രരുടെയും പിന്തുണകത്തുമായി ദേവേന്ദ്ര ഫഡ്നാവിസ് വൈകീട്ട് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കും. രണ്ട് ദിവസത്തിനകം സത്യപ്രതിജ്ഞാ ചടങ്ങുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. രാജ്ഭവനിലെ ദർബാർ ഹാളിൽ വെച്ച് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക.
സത്യപ്രതിഞ്ജാ ദിവസം മുംബൈയിലെത്താനാണ് ശിവസേന വിമത എം.എൽ.എമാർക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ നൽകിയ നിർദേശം. സർക്കാരുണ്ടാക്കാൻ ബി.ജെ.പിക്ക് പിന്തുണ നൽകുമെങ്കിലും മന്ത്രി സ്ഥാനം സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് ഷിൻഡേ പ്രതികരിച്ചു. അതിനിടെ ഉദ്ദവിന്റെ പടിയിറക്കം പ്രവർത്തകരെ വേദനിപ്പിച്ചെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. ഉദ്ദവിനെ പിന്നിൽ നിന്ന് കുത്തിയെന്ന് കാർട്ടൂണ്‍ സഹിതമാണ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തത്.
വിശ്വാസ വോട്ടെടുപ്പിനെ നേരിടാതെയുള്ള ഉദ്ധവിന്റെ പടി ഇറക്കത്തിൽ കോണ്‍ഗ്രസിന് ചെറിയ അതൃപ്തി ഉണ്ട്. ഉദ്ദവ് വിശ്വാസ വോട്ടെടുപ്പിന് തയ്യാറാകണമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് വ്യക്തമാക്കി. മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാവി ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് എം.എഎൽഎമാർ യോഗം ചേരുന്നുണ്ട്. ഭരണം നഷ്ടമായെങ്കിലും വിമതരുടെ അയോഗ്യതയിൽ നിയമപോരാട്ടാം തുടരാനാണ് ഉദ്ധവ് പക്ഷത്തിന്റെ തീരുമാനം.