ഡെല്‍റ്റ പ്ലസ്: ആദ്യ മരണം മഹാരാഷ്ട്രയില്‍, പൂര്‍ണമായി അണ്‍ലോക്ക് ചെയ്യുന്നത് മാറ്റി
|എല്ലാ ജില്ലകളും കുറഞ്ഞത് ലെവൽ 3 നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കി
രാജ്യത്ത് കൊറോണ വൈറസിന്‍റെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവാണെങ്കിസും ആവശ്യത്തിന് ആശുപത്രി കിടക്കകള്‍ ഉണ്ടെങ്കിലും എല്ലാ ജില്ലകളും കുറഞ്ഞത് ലെവൽ 3 നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കി.
ലെവൽ 3 നിയന്ത്രണങ്ങൾക്ക് കീഴിൽ റെസ്റ്റോറന്റുകൾ, ജിമ്മുകൾ, സലൂണുകൾ, സ്പാകൾ എന്നിവയില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. വൈകുന്നേരം 4 മണി വരെയാണ് തുറക്കാൻ അനുവാദമുള്ളത്. സ്വകാര്യ ഓഫീസുകൾക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. വിവാഹങ്ങളില്‍ 50 പേര്‍ക്കും സംസ്കാര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. മാളുകളും തിയേറ്ററുകളും തുറക്കരുത്.
നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് കേസുകളുടെ വർധനവിന് ഇടയാക്കില്ലെന്ന് ജില്ലാ ഭരണകൂടങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നിയമലംഘകര്‍ക്ക് പിഴ ചുമത്തും. കേസുകള്‍ കൂടിയാല്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കും. ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കെങ്കിലും വാക്സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.
കൊങ്കൺ മേഖലയിലെ രത്‌നഗിരി സിവിൽ ആശുപത്രിയിലാണ് ഡെല്‍റ്റ പ്ലസ് ബാധിച്ച് സ്ത്രീ മരിച്ചത്. രാജ്യത്ത് 48 പേരിലാണ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്.