മഹാരാഷ്ട്രയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; വിശ്വാസവോട്ടെടുപ്പ് നാളെ
|ബിജെപിയിലെ രാഹുൽ നർവേകറും ശിവസേനയിലെ രാജൻ സാൽവിയുമാണ് സ്പീക്കർ കസേരയ്ക്കായി അങ്കത്തിനിറങ്ങുന്നത്. ബിജെപിയുടെയും വിമത ശിവസേനാ എംഎൽഎമാരുടെയും പിന്തുണയുള്ള രാഹുലിനാണ് വിജയസാധ്യത കൂടുതൽ.
മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ സമ്മേളനം ഇന്നാരംഭിക്കും. സ്പീക്കർ തെരെഞ്ഞെടുപ്പ് ആണ് ഇന്നത്തെ പ്രധാന അജണ്ട. ഏക്‌നാഥ് ഷിൻഡെ സർക്കാർ നാളെ വിശ്വാസവോട്ട് തേടും. നിയമസഭാ സമ്മേളത്തിൽ ആദ്യ ദിനം തന്നെ ശിവസേനയും ബിജെപിയും മുഖാമുഖം മത്സരിക്കുകയാണ്. ബിജെപിയിലെ രാഹുൽ നർവേകറും ശിവസേനയിലെ രാജൻ സാൽവിയുമാണ് സ്പീക്കർ കസേരയ്ക്കായി അങ്കത്തിനിറങ്ങുന്നത്.
ബിജെപിയുടെയും വിമത ശിവസേനാ എംഎൽഎമാരുടെയും പിന്തുണയുള്ള രാഹുലിനാണ് വിജയസാധ്യത കൂടുതൽ. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അടക്കം വിമത എംഎൽഎമാർക്ക് അയോഗ്യതാ ഭീഷണിയുള്ളതിനാൽ കോടതി ഇടപെടലിൽ പ്രതീക്ഷ അർപ്പിച്ചാണ് രാജൻ സാൽവിയും പോരാട്ടത്തിനിറങ്ങുന്നത്. സൂറത്ത് -ഗുവാഹത്തി -ഗോവ എന്നിവിടങ്ങളിലെ 15 ദിവസത്തെ ഒളിവ് ജീവിതത്തിനു ശേഷമാണ് വിമത എംഎൽഎ മാർ മഹാരാഷ്ട്രയിലെത്തുന്നത്. ഏക്‌നാഥ് ഷിൻഡെയെ ശിവസേനയിൽ നിന്നും ഉദ്ധവ് താക്കറെ പുറത്താക്കിയെങ്കിലും ശിവസേന വിപ് അദ്ദേഹത്തിനും ബാധകമാണ്. കൂടുതൽ എംഎൽഎമാരും ഒപ്പമുള്ളതിനാൽ യഥാർത്ഥ ശിവസേന തങ്ങളുടേതാണെന്ന് ഷിൻഡെയും കൂട്ടരും വാദിക്കുന്നുണ്ടെങ്കിലും നിയമപരമായി നിരവധി കടമ്പകൾ പ്രതിബന്ധമായി ഇവരുടെ മുന്നിലുണ്ട്.