'ഹിന്ദുക്കളെ അക്രമികളെന്ന് വിളിക്കാന്‍ എങ്ങനെ ധൈര്യം വന്നു?'; ക്ഷേത്ര ചവിട്ടുപടിയില്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റര്‍ പതിച്ച് പ്രതിഷേധം
|രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ ഹിന്ദുക്കളെ അപമാനിച്ചിട്ടില്ലെന്ന് ഉത്തരാഖണ്ഡിലെ ജ്യോതിര്‍മഠത്തിലെ ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ് സരസ്വതി പ്രതികരിച്ചിരുന്നു
മുംബൈ: ഹിന്ദുക്കളെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്രയിലെ ക്ഷേത്രത്തില്‍ പ്രതിഷേധം. രാഹുലിന്റെ പോസ്റ്റര്‍ ക്ഷേത്രത്തിലെ ചവിട്ടുപടിയില്‍ പതിച്ചാണു പ്രതിഷേധമറിയിച്ചത്. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രം ഭാരവാഹികളുടെ നടപടി.
ക്ഷേത്രത്തിന്റെ അകത്തേക്കുള്ള പ്രധാന കവാടത്തിന്റെ ചവിട്ടുപടിയില്‍ തന്നെ പോസ്റ്റര്‍ പതിച്ചത്. ഹിന്ദുക്കളെ അക്രമികളെന്നും ലൈംഗിക പീഡകരെന്നും വിളിക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നാണ് രാഹുലിന്റെ ചിത്രം അടങ്ങിയ പോസ്റ്ററില്‍ മറാഠി ഭാഷയില്‍ അച്ചടിച്ചിട്ടുള്ളത്. ക്ഷേത്രത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവായുള്ള കന്നിപ്രസംഗത്തിലായിരുന്നു രാഹുല്‍ ഗാന്ധി ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയം ഉയര്‍ത്തി ആഞ്ഞടിച്ചത്. ഹിന്ദുക്കളെന്നു സ്വയം പറഞ്ഞുനടക്കുന്നവര്‍ അക്രമവും ഹിംസയും വിദ്വേഷവുമാണു പ്രചരിപ്പിക്കുന്നതെന്നായിരുന്നു ബി.ജെ.പിയെ ഉന്നമിട്ട് രാഹുലിന്റെ ആക്ഷേപം. ഇതിനെതിരെ സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഹിന്ദു സമൂഹത്തെ ഒന്നാകെ അക്രമികളായി ചിത്രീകരിച്ചെന്നും ഇതു ഗുരുതരമായ കാര്യമാണെന്നുമായിരുന്നു മോദിയുടെ വിമര്‍ശനം.
എന്നാല്‍, ബി.ജെ.പിയും ആര്.എസ്.എസ്സും മോദിയുമല്ല ഹിന്ദു സമൂഹമെന്ന് രാഹുല്‍ തിരിച്ചടിച്ചു. അക്രമം നടത്തുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഹിന്ദുക്കളല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുലിന്റെ പരാമര്‍ശങ്ങള്‍ പിന്നീട് സഭാ രേഖകളില്‍നിന്നു നീക്കം ചെയ്തിരുന്നു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ ഹിന്ദുക്കളെ അപമാനിച്ചിട്ടില്ലെന്ന് ഉത്തരാഖണ്ഡിലെ ജ്യോതിര്‍മഠത്തിലെ ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ് സരസ്വതി പ്രതികരിച്ചിരുന്നു. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം പൂര്‍ണമായി കേട്ടെന്നും ഹിന്ദുമതത്തില്‍ അക്രമങ്ങള്‍ക്കു സ്ഥാനമില്ലെന്നാണ് രാഹുല്‍ പറഞ്ഞതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
Summary: Maharashtra temple protests by using Rahul Gandhi 's picture on doormat following his allegedly anti-Hindu remarks in Lok Sabha speech