മനുഷ്യന്റെ അന്തകന്‍: മഹാരാഷ്ട്രയില്‍ 13 പേരെ കൊന്ന കടുവയെ പിടികൂടി
|നിരവധി പേരുടെ ജീവനെടുത്ത സിടി-1 എന്ന കടുവയെയാണ് മഹാരാഷ്ട്ര വനംവകുപ്പ് വ്യാഴാഴ്ച പിടികൂടിയത്
ഗഡ്ചിരോളി: മഹാരാഷ്ട്രയില്‍ 13 പേരെ കൊലപ്പെടുത്തിയ കടുവയെ വനംവകുപ്പ് പിടികൂടി. വിദര്‍ഭ മേഖലയിലെ ഗഡ്ചിരോളി, ചന്ദ്രപൂർ ജില്ലകളിൽ നിന്നായി നിരവധി പേരുടെ ജീവനെടുത്ത സിടി-1 എന്ന കടുവയെയാണ് മഹാരാഷ്ട്ര വനംവകുപ്പ് വ്യാഴാഴ്ച പിടികൂടിയത്.
ഗഡ്ചിറോളിയിലെ വാഡ്സ വനമേഖലയിൽ മനുഷ്യജീവന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയായിരുന്നു ഈ കടുവ. ''ചന്ദ്രപൂർ ജില്ലയിലെ വാഡ്സയിൽ ആറ് പേരെയും ഭണ്ഡാരയിൽ നാല് പേരെയും ബ്രഹ്മപുരി ഫോറസ്റ്റ് റേഞ്ചിൽ മൂന്ന് പേരെയും കടുവ കൊന്നു. നാഗ്പൂർ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ്) ഒക്ടോബർ 4 ന് നടന്ന യോഗത്തിൽ സിടി-1നെ പിടികൂടാൻ നിർദേശം നൽകിയിരുന്നു," വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. അതനുസരിച്ച്, തഡോബ ടൈഗർ റെസ്ക്യൂ ടീം, ചന്ദ്രപൂർ, നവേഗാവ്-നാഗ്സിറ എന്നിവിടങ്ങളിലെ റാപ്പിഡ് റെസ്പോൺസ് ടീമുകളും മറ്റ് യൂണിറ്റുകളും കടുവയെ പിടിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചു. വ്യാഴാഴ്ച രാവിലെ വാഡ്സ ഫോറസ്റ്റ് റേഞ്ചിൽ നിന്നാണ് കടുവയെ പിടികൂടിയിത്. കടുവയെ വാഡ്സയില്‍ നിന്നും 183 കിലോമീറ്റർ അകലെയുള്ള നാഗ്പൂരിലെ ഗോരെവാഡ റെസ്ക്യൂ സെന്ററിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.