വഖഫ് ബോർഡിൻ്റെ ഡിജിറ്റലൈസേഷന് പണം അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ; പ്രതിഷേധവുമായി വി.എച്ച്.പി
|കോൺഗ്രസ് സർക്കാർ പോലും ചെയ്യാത്തതാണ് മഹായുതി സർക്കാർ ചെയ്യുന്നതെന്ന് വി.എച്ച്.പി
മുംബൈ: വഖഫ് ബോർഡിൻ്റെ ഡിജിറ്റലൈസേഷനായി 10 കോടി രൂപ അനുവദിച്ച മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്.
2024-25 ബജറ്റിലാണ് പത്ത് കോടിരൂപ വകയിരുത്തിയത്. അതിൽ നിന്ന് രണ്ട് കോടിരൂപ അനുവദിച്ചതോടെയാണ് വി.എച്ച്.പി രംഗത്തെത്തിയത്. സർക്കാരിന്റെ പ്രീണന രാഷ്ട്രീയമാണിതെന്നാരോപിച്ചാണ് വി.എച്ച്.പി നേതാക്കൾ രംഗത്തെത്തിയത്.
‘എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ മുസ്ലിംകൾക്ക് മുന്നിൽ തലകുനിക്കുന്നത്.അത്തരം പ്രീണനം വെച്ചുപൊറുപ്പിക്കില്ലെന്ന് വിഎച്ച്പിയുടെ കൊങ്കൺ മേഖല സെക്രട്ടറി മോഹൻ സലേക്കർ പറഞ്ഞു’
‘കോൺഗ്രസ് സർക്കാർ പോലും ചെയ്യാത്തതാണ് മഹായുതി സർക്കാർ ചെയ്യുന്നത്. ഇത് പ്രീണനമാണ്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭകളിലേക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മഹായുതി പാർട്ടികൾക്ക് ഹിന്ദുക്കളുടെ പ്രതിഷേധം നേരിടേണ്ടിവരുമെന്നും വി.എച്ച്.പി പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി വഖഫ് ബോർഡിന് അനുവദിച്ച തുകയുടെ 20 ശതമാനം സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് മുഫ്തി മൻസൂർ സിയാഇ പറഞ്ഞു.