മഹാരാഷ്ട്രയിൽ ആറു മാസത്തിനിടെ ആത്മഹത്യ ചെയ്തത് 1,267 കർഷകർ
|വിദർഭ മേഖലയിലെ അമരാവതിയിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തത്.
മുംബൈ: മഹാരാഷ്ട്രയിൽ ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള ആറു മാസത്തിനിടെ ആത്മഹത്യ ചെയ്തത് 1,267 കർഷകർ. വിദർഭ മേഖലയിലെ അമരാവതിയിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തത്. 557 കർഷകരാണ് ഇവിടെ ജീവനൊടുക്കിയതെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ പറയുന്നു.
ഛത്രപതി സാംഭാജിനഗർ ഡിവിഷനാണ് രണ്ടാമതുള്ളത്. 430 കർഷകരാണ് ഇവിടെ ജീവനൊടുക്കിയത്. നാസിക്കിൽ 137 കർഷകരും നാഗ്പൂരിൽ 130 പേരും പൂനെയിൽ 13 പേരുമാണ് ജീവനൊടുക്കിയത്. തീരദേശ മേഖലയായ കൊങ്കണിൽ ആത്മഹത്യകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
2022ലെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്തെ കർഷക ആത്മഹത്യകളിൽ 37.6 ശതമാനവും മഹാരാഷ്ട്രയിലാണ്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട 11,290 പേരും 5,207 കർഷകരും 6,083 കർഷകത്തൊഴിലാളികളും 2022ൽ ജീവനൊടുക്കിയെന്നാണ് എൻ.സി.ആർ.ബിയുടെ കണക്ക് പറയുന്നത്.
എൻ.സി.ആർ.ബി കണക്കുകൾ പ്രകാരം 2021ൽ 1,64,033 പേരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ടത് 6.6 ശതമാനമാണ്. 2020ൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട 10,677 ആളുകളാണ് ആത്മഹത്യ ചെയ്തത്. ആ വർഷം രാജ്യത്ത് ആകെയുണ്ടായ ആത്മഹത്യയിൽ 37.5 ശതമാനവും മഹാരാഷ്ട്രയിലായിരുന്നു.