India
കുടുംബത്തിനു വേണ്ടി പഠനം ഉപേക്ഷിച്ചു;  37 വര്‍ഷത്തിനു ശേഷം പത്താം ക്ലാസ് പാസായി വീട്ടമ്മ
India

കുടുംബത്തിനു വേണ്ടി പഠനം ഉപേക്ഷിച്ചു; 37 വര്‍ഷത്തിനു ശേഷം പത്താം ക്ലാസ് പാസായി വീട്ടമ്മ

Web Desk
|
23 Jun 2022 6:55 AM GMT

മാസ്റ്റർകാർഡിലെ സീനിയർ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ പ്രസാദ് ജംബാലെയാണ് തന്‍റെ അമ്മയുടെ വിജയത്തിന്‍റെ കഥ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്

മഹാരാഷ്ട്ര: ചിലരങ്ങനെയാണ്...ജീവിതത്തില്‍ എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും തളര്‍ന്നുപോയാലും ഒരു ഫിനീക്സ് പക്ഷിയെപ്പോലെ അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. അവരുടെ ജീവിതം ഒരു പ്രചോദനമാണ്..തകര്‍ന്നുപോയവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള പ്രചോദനം. മഹാരാഷ്ട്ര സ്വദേശിനിയായ വീട്ടമ്മയാണ് പഠിക്കുക എന്ന സ്വപ്നം വര്‍ഷങ്ങളോളം ഉള്ളില്‍ കൊണ്ടുനടന്ന് അവസാനം അതു സാക്ഷാത്ക്കരിച്ചത്. കുടുംബത്തിന് വേണ്ടി പഠനം ഉപേക്ഷിച്ച ഈ അമ്മ 37 വര്‍ഷത്തിനു ശേഷം പത്താം ക്ലാസ് പാസായിരിക്കുകയാണ്.

മാസ്റ്റർകാർഡിലെ സീനിയർ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ പ്രസാദ് ജംബാലെയാണ് തന്‍റെ അമ്മയുടെ വിജയത്തിന്‍റെ കഥ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. പിതാവിന്‍റെ മരണത്തെ തുടര്‍ന്ന് 16ാം വയസിലാണ് ജംബാലെയുടെ മാതാവ് പഠനം പാതിവഴിയില്‍ നിര്‍ത്തുന്നത്. സഹോദരങ്ങള്‍ക്ക് പഠിക്കാനായി അവള്‍ തന്‍റെ വിദ്യാഭ്യാസം ഉപേക്ഷിച്ച് ജോലിക്കിറങ്ങി. വിവാഹം കഴിഞ്ഞ് കുട്ടികളായപ്പോഴും പഠിക്കുക എന്ന ആഗ്രഹം അമ്മ ഉപേക്ഷിച്ചില്ല. ഒരു ചെറിയ ജോലിക്കായി സര്‍ക്കാര്‍ സ്കൂളില്‍ പോയപ്പോള്‍ അവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അധ്യാപിക ചോദിച്ചു.എന്നാൽ പത്താം ക്ലാസ് പാസാകാത്തത് ഒരു കുറവല്ലെന്നും രാത്രികാലങ്ങളിൽ സ്കൂളിൽ പഠിച്ച് സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ പൂർത്തിയാക്കാൻ മഹാരാഷ്ട്ര സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അധ്യാപിക അറിയിച്ചതോടെ അവര്‍ തന്‍റെ പഠനം വീണ്ടും ആരംഭിച്ചു.

2021 ഡിസംബറില്‍ അവര്‍ ആരുമറിയാതെ സ്കൂളില്‍ ചേര്‍ന്നു. രാത്രി ക്ലാസുകളിലാണ് പങ്കെടുത്തിരുന്നത്. നടക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് വൈകിട്ട് വീട്ടില്‍ നിന്നിറങ്ങും. പിന്നീട് ക്ലാസില്‍ പങ്കെടുക്കും. മക്കളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ഇതു രഹസ്യമാക്കി വയ്ക്കുകയും ചെയ്തു. അയര്‍ലാന്‍റില്‍ നിന്നും ഇന്ത്യയിലെത്തിയ ഒരു ദിവസമാണ് പ്രസാദിനോട് താന്‍ പഠിക്കാന്‍ പോകുന്ന കാര്യം അമ്മ പറയുന്നത്. അമ്മയുടെ നോട്ട് ബുക്കുകളും പഠിക്കാനുള്ള കഴിവും കണ്ട് പ്രസാദ് അത്ഭുതപ്പെട്ടു. ആ ബാച്ചിലെ മിടുക്കിയായ വിദ്യാര്‍ഥിനിയായിരുന്നു പ്രസാദിന്‍റെ അമ്മ.

ഈയിടെയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. 79.60 ശതമാനം മാര്‍ക്കോടെ മിന്നുന്ന വിജയമാണ് പ്രസാദിന്‍റെ അമ്മ നേടിയത്. തന്‍റെ അമ്മയെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും 55ാം വയസില്‍ അമ്മ പത്താം ക്ലാസ് ജയിച്ചത് തന്നെ വലിയൊരു പാഠമാണ് പഠിപ്പിച്ചതെന്നും മകന്‍ പറഞ്ഞു.

Similar Posts