India
Union Cabinet has approved a proposal to name the new airport in Ayodhya after Ramayana author Maharishi Valmiki.
India

'മഹർഷി വാൽമീകി ഇന്റർനാഷനൽ എയർപോർട്ട് അയോധ്യ ധാം' പേരിന് അംഗീകാരം, അന്താരാഷ്ട്ര പദവി

Web Desk
|
5 Jan 2024 4:32 PM GMT

പുതുതായി നിർമിച്ച വിമാനത്താവളം ഡിസംബർ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു

അയോധ്യയിലെ പുതിയ വിമാനത്താവളത്തിന് രാമായണം രചിച്ച മഹർഷി വാൽമീകിയുടെ പേര് നൽകാനുള്ള നിർദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ 'മഹർഷി വാൽമീകി ഇന്റർനാഷനൽ എയർപോർട്ട് അയോധ്യ ധാം' എന്നാണ് വിമാനത്താവളം അറിയപ്പെടുക. പേര് നൽകിയതിനൊപ്പം അന്താരാഷ്ട്ര വിമാനത്താവളമായും മന്ത്രിസഭ അംഗീകരിച്ചു.

പുതുതായി നിർമിച്ച വിമാനത്താവളം ഡിസംബർ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ചണ് വിമാനത്താവളം തുറന്നത്. അയോധ്യ നഗരത്തിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് വിമാനത്താവളം. 1450 കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 6500 സ്‌ക്വയർ മീറ്റർ വിസ്തൃതിയുണ്ട് എയർപോർട്ട് ടെർമിനലിന്. ടെർമിനൽ കെട്ടിടത്തിന്റെ മുൻഭാഗം അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിനോട് സാമ്യമുള്ളതാണ്.

ടെർമിനൽ കെട്ടിടത്തിന്റെ അകത്തളം ശ്രീരാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന പെയിന്റിംഗുകളും ചുവർചിത്രങ്ങളും കൊണ്ട് നിറഞ്ഞിട്ടുണ്ട്. ഇൻസുലേറ്റഡ് റൂഫിങ് സംവിധാനം, എൽഇഡി ലൈറ്റുകൾ, മഴവെള്ള സംഭരണികൾ, ജലധാരകളുള്ള ലാൻഡ്‌സ്‌കേപ്പിങ്, ജലശുദ്ധീകരണ പ്ലാന്റ്, മലിനജല ശുദ്ധീകരണ പ്ലാന്റ്, സോളാർ പവർ പ്ലാന്റ് തുടങ്ങി നിരവധി സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.

അയോധ്യയിൽ 2,180 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ഗ്രീൻഫീൽഡ് ടൗൺഷിപ്പിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചിരുന്നു. രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകളും ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു.

Similar Posts