India
ചരിത്രപരം; ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം കൈകോര്‍ത്ത് നടന്ന് തുഷാർ ഗാന്ധിയും
India

'ചരിത്രപരം'; ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം കൈകോര്‍ത്ത് നടന്ന് തുഷാർ ഗാന്ധിയും

Web Desk
|
18 Nov 2022 7:12 AM GMT

ഷെഗാവ് തന്റെ ജന്മസ്ഥലമാണെന്നും കഴിഞ്ഞദിവസം തുഷാർ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു

ഷെഗാവ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിയും. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ഷെഗാവിലാണ് ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം എഴുത്തുകാരനും ആക്ടിവിസ്റ്റുമായ തുഷാർ ഗാന്ധിയും ചേർന്നത്. 'ചരിത്രപരം' എന്നാണ് കോൺഗ്രസ് ഇതിനെ വിശേഷിപ്പിച്ചത്.

നവംബർ 7 മുതലാണ് ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലൂടെ കടന്നുപോകുന്നത്. രാവിലെ 6 മണിയോടെ അകോല ജില്ലയിലെ ബാലാപൂരിൽ നിന്നാണ് ഈ ദിവസത്തെ യാത്ര ആരംഭിച്ചത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം ഷെഗാവിൽ എത്തിയ ശേഷമാണ് തുഷാർ ഗാന്ധിയും ഒപ്പം ചേർന്നത്. ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാകുമെന്ന് ഇന്നലെ തുഷാർ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്‌റുവിന്റെയും ചിത്രം പങ്കുവെച്ചായിരുന്നു ട്വീറ്റ്.

ഷെഗാവ് തന്റെ ജന്മസ്ഥലമാണെന്നും കഴിഞ്ഞദിവസം തുഷാർ ട്വീറ്റ് ചെയ്തിരുന്നു.1960 ജനുവരി 17ന് നാഗ്പൂർ വഴിയുള്ള ഹൗറ മെയിലിൽ തന്റെ അമ്മ യാത്രചെയ്യവെ, ഷെഗോൺ സ്റേറഷനിൽ നിർത്തിയപ്പോഴാണ് താൻ ജനിച്ചതെന്ന് ട്വീറ്റിൽ പറയുന്നു.

അതേസമയം, ജവഹർലാൽ നെഹ്റുവിന്റെയും മഹാത്മാഗാന്ധിയുടെയും പൗത്രൻമാരായ ഇരുവരും ആ നേതാക്കളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരാണെന്നും കോൺഗ്രസ് പ്രസ്താവനയിൽ അറിയിച്ചു.

ജനാധിപത്യത്തെ അപകടത്തിലാക്കാൻ കഴിയും, എന്നാൽ അതിനെ അവസാനിപ്പിക്കാൻ അനുവദിക്കില്ലെന്ന സന്ദേശമാണ് ഇരുവരും ഭരണാധികാരികൾക്ക് നൽകുന്നതെന്നും പാർട്ടി പറഞ്ഞു. തുഷാർ ഗാന്ധിയെ കൂടാതെ മുതിർന്ന കോൺഗ്രസ് നേതാക്കളായ മുകുൾ വാസ്നിക്, ദീപേന്ദർ ഹൂഡ, മിലിന്ദ് ദേവ്റ, മണിക്റാവു താക്കറെ, മുംബൈ കോൺഗ്രസ് അധ്യക്ഷൻ ഭായ് ജഗ്താപ്, പാർട്ടിയുടെ സംസ്ഥാന ഘടകം അധ്യക്ഷൻ നാനാ പടോലെ എന്നിവരും രാഹുലിനൊപ്പം യാത്രയിൽ പങ്കുചേർന്നു. ഇന്ന് വൈകിട്ട് ഷെഗാവിൽ പൊതുറാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. മഹാരാഷ്ട്രയിൽ ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലാണ്. നവംബർ 20 ന് യാത്ര മധ്യപ്രദേശിൽ പ്രവേശിക്കും.


Similar Posts