India
പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു; തെറ്റാണെന്ന് തെളിയിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് മഹുവ മൊയ്ത്ര
India

'പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു'; തെറ്റാണെന്ന് തെളിയിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് മഹുവ മൊയ്ത്ര

Web Desk
|
7 July 2022 9:24 AM GMT

ഉജ്ജയിനിലെ കാലഭൈരവ ക്ഷേത്രവും അസമിലെ കാമാക്യ ക്ഷേത്രവും ഉദാഹരണമായി പറഞ്ഞ മഹുവ മൊയ്ത്ര തനിക്കെതിരെ കേസെടുക്കാൻ രണ്ട് സംസ്ഥാനങ്ങളിലെയും സർക്കാറുകളെ വെല്ലുവിളിച്ചു.

ന്യൂഡൽഹി: കാളീദേവിയെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. തന്റെ മതത്തിനുമേൽ ഏകശിലാപരമായ പുരുഷാധിപത്യ, ബ്രാഹ്‌മണിക്കൽ, ഉത്തരേന്ത്യൻ വിശ്വാസ സങ്കൽപം അടിച്ചേൽപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. കാളീദേവിയെക്കുറിച്ചുള്ള മഹുവ മൊയ്ത്രയുടെ പ്രസ്താവന വിവാദമായിരുന്നു. അവർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് ഭോപ്പാൽ പൊലീസ് കേസെടുത്തിരുന്നു.

''ഞാൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ ബിജെപിയെ വെല്ലുവിളിക്കുന്നു. എനിക്കെതിരെ ബംഗാളിൽ ഏത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയാലും അതിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഒരു കാളീക്ഷേത്രമുണ്ടായിരിക്കും. അവിടെ നടക്കുന്ന കാര്യങ്ങൾ പരിശോധിച്ചാൽ ഞാൻ പറഞ്ഞത് ശരിയാണെന്നും അത് ഞങ്ങളുടെ സങ്കൽപ്പത്തിന് അനുസരിച്ചുള്ള ആചാരമാണെന്നും മനസ്സിലാവും'' - മഹുവ മൊയ്ത്ര പറഞ്ഞു.

ഉജ്ജയിനിലെ കാലഭൈരവ ക്ഷേത്രവും അസമിലെ കാമാക്യ ക്ഷേത്രവും ഉദാഹരണമായി പറഞ്ഞ മഹുവ മൊയ്ത്ര തനിക്കെതിരെ കേസെടുക്കാൻ രണ്ട് സംസ്ഥാനങ്ങളിലെയും സർക്കാറുകളെ വെല്ലുവിളിച്ചു.

തന്നെ അറസ്റ്റ് ചെയ്യണമെന്ന ബംഗാൾ ബിജെപിയുടെ പ്രസ്താവനക്കെതിരെ രൂക്ഷമായാണ് അവർ പ്രതികരിച്ചത്. ''ഞാനൊരു കാളി ഭക്തയാണ്. ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല. നിങ്ങളുടെ അറിവില്ലായ്മയെ, നിങ്ങളുടെ ഗുണ്ടകളെ, നിങ്ങളുടെ പൊലീസിനെ സർവോപരി നിങ്ങളുടെ ട്രോളുകളെ ഒന്നും ഭയപ്പെടുന്നില്ല. സത്യത്തെ താങ്ങിനിർത്താൻ ആരെയും ആവശ്യമില്ല''-മഹുവ മൊയ്ത്ര വ്യക്തമാക്കി.

Related Tags :
Similar Posts