'പ്രിയപ്പെട്ട മോദിജീ...ഈ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം തരൂ'; മൻ കി ബാത്തിന് തൊട്ടുമുമ്പ് മോദിയോട് മഹുവ മൊയ്ത്ര
|പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡാണ് ഇന്ന് സംപ്രേഷണം ചെയ്യുന്നത്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന് മുമ്പ് രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം തേടി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നടപടിയെടുക്കാത്തതും അദാനിക്കെതിരായ സെബി അന്വേഷണം പൂർത്തിയാക്കാത്തതും ചൂണ്ടിക്കാട്ടിയാണ് മഹുവയുടെ ട്വീറ്റ്.
''ബഹുമാനപ്പെട്ട പ്രിയ മോദിജി, ഇന്ന് യു.എൻ ആസ്ഥാനത്ത് തത്സമയം സംപ്രേഷണം ചെയ്യുന്നത് മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡാണ്. ദയവായി ഞങ്ങളുടെ രണ്ട് ചോദ്യത്തിന് മറുപടി പറയൂ. 1. എന്തുകൊണ്ട് ഇന്ത്യയിലെ കായിക താരങ്ങളെ ശക്തരായ ബി.ജെ.പി വേട്ടക്കാരിൽനിന്ന് സംരക്ഷിക്കാനാവുന്നില്ല. 2. എന്തുകൊണ്ടാണ് സെബിക്ക് സുപ്രിംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ അദാനി വിഷയത്തിൽ അന്വേഷണം പൂർത്തിയാക്കാനാവാത്തത്''-മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
ഗുസ്തി താരങ്ങളുടെ പരാതിയിൽ ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ പോക്‌സോ അടക്കം രജിസ്റ്റർ ചെയ്തിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് തയ്യാറായിട്ടില്ല. ഓഹരി വിപണിയിയിൽ കൃത്രിമം കാണിച്ച കേസിൽ അദാനിക്കെതിരായ അന്വേഷണം പൂർത്തിയാക്കാൻ ആറു മാസം കൂടി സമയം വേണമെന്നാണ് സെബി ആവശ്യപ്പെട്ടിരിക്കുന്നത്.