മഹുവ മൊയ്ത്രയെ പുറത്താക്കിയത് സ്വന്തം ഭാഗം വിശദീകരിക്കാൻ അനുമതി നല്‍കാതെ
|സംസാരിക്കാൻ സമയം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ഓം ബിർല വഴങ്ങിയില്ല
ന്യൂഡൽഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത് സ്വന്തം ഭാഗം വിശദീകരിക്കാൻ അനുമതി നൽകാതെ. ഇതു സംബന്ധിച്ച എത്തിക്‌സ് കമ്മിറ്റി പാനൽ റിപ്പോർട്ടിൽ മഹുവയ്ക്ക് സംസാരിക്കാൻ സമയം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ഓം ബിർല വഴങ്ങിയില്ല. അംഗത്തിന് പാനലിന് മുമ്പാകെ വിശദീകരണത്തിന് അവസരം ലഭിച്ചിട്ടുണ്ടെന്നും നേരത്തെയും ഇത്തരത്തിലുള്ള തീരുമാനമുണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കറുടെ നടപടി.
'എത്തിക്‌സ് കമ്മിറ്റി എത്തിച്ചേർന്നിട്ടുള്ള തീർപ്പ് ഈ സഭ അംഗീകരിക്കുന്നു. പാർലമെന്റ് അംഗമെന്ന നിലയിൽ മഹുവ മൊയ്ത്രയുടെ പെരുമാറ്റം അധാർമികവും അമാന്യവുമാണ്. അവർക്ക് എംപിയായി തുടരാൻ അർഹതയില്ല.' - സ്പീക്കർ പറഞ്ഞു. സഭാംഗത്വം റദ്ദാക്കാനായിരുന്നു എത്തിക്‌സ് കമ്മിറ്റി ശിപാർശ.
എത്തിക്‌സ് പാനലിന്റെ തീരുമാനം തെളിവില്ലാതെയാണെന്ന് പാർലമെന്റിന് പുറത്ത് മാധ്യമങ്ങളുമായി സംസാരിക്കവെ മഹുവ പറഞ്ഞു. ചോദ്യത്തിന് കാശു വാങ്ങി എന്ന് പാനലിന് കണ്ടെത്താനായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. എതിക്‌സ് കമ്മിറ്റിക്ക് തന്നെ പുറത്താക്കാൻ അധികാരമില്ല. ഇത് ബിജെപിയുടെ അവസാനമാണ്. അടുത്ത മുപ്പതു വർഷം പാർലമെന്റിന് അകത്തും പുറത്തും ബിജെപിയുമായി പൊരുതും- അവർ കൂട്ടിച്ചേർത്തു. സ്പീക്കറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.
നരേന്ദ്ര മോദി സർക്കാറിനെ വിമർശിച്ച് ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് രണ്ടു കോടി രൂപയും വില കൂടിയ സമ്മാനങ്ങളും മഹുവ വാങ്ങിയെന്നാണ് ആരോപണം. ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാൻ ഇയാൾക്ക് പാർലമെന്റ് വെബ്‌സൈറ്റിലെ രഹസ്യ അക്കൗണ്ട് വിവരങ്ങൾ കൈമാറിയെന്നും ആരോപണമുണ്ട്. പണം വാങ്ങിയെന്ന ആരോപണം ഇവർ നിഷേധിച്ചിരുന്നു.