India
Mahua Moitra Dragged

മഹുവ മൊയ്ത്രയെ വലിച്ചിഴക്കുന്നതിന്‍റെ ദൃശ്യങ്ങള്‍

India

ഒരു എം.പിയോടാണോ ഇങ്ങനെ പെരുമാറുന്നത്; മഹുവ മൊയ്ത്രയെ കൃഷി ഭവനിലുള്ളില്‍ വലിച്ചിഴച്ച് ഡല്‍ഹി പൊലീസ്

Web Desk
|
4 Oct 2023 5:21 AM GMT

വീഡിയോ എം.പി തന്നെ എക്സില്‍ പങ്കുവച്ചിട്ടുണ്ട്

ഡല്‍ഹി: ഡല്‍ഹി കൃഷി ഭവനിലുള്ളില്‍ പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ഓഫീസിനുള്ളില്‍ വലിച്ചിഴച്ച് ഡല്‍ഹി പൊലീസ്. ഇതിന്‍റെ വീഡിയോ എം.പി തന്നെ എക്സില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു എം.പിയോടാണോ ഇങ്ങനെ പെരുമാറുന്നതെന്ന് മഹുവ ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. കൃഷിഭവൻ പരിസരത്ത് നിന്ന് തൃണമൂൽ കോൺഗ്രസ് എം.പിമാരെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നതിന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

"ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തെരഞ്ഞെടുക്കപ്പെട്ട എംപിമാരോട് ഒരു മന്ത്രിയെ കാണാൻ അപ്പോയിന്‍റ്മെന്‍റ് നൽകിയ ശേഷം പെരുമാറുന്നത് ഇങ്ങനെയാണ്. ( 3 മണിക്കൂർ കാത്തിരുന്ന ശേഷം ഞങ്ങളെ കാണാന്‍ അവര്‍ വിസമ്മതിച്ചു)'' മഹുവ കുറിച്ചു. കൃഷിഭവനിലെ കുത്തിയിരിപ്പ് സമരത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി, ഡെറക് ഒബ്രിയാൻ, മറ്റ് നിരവധി നിയമസഭാംഗങ്ങൾ എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൂടിക്കാഴ്ചയ്ക്ക് മന്ത്രി സ്വാതി നിരഞ്ജൻ ജ്യോതി അനുമതി നിഷേധിച്ചതിനെ തുടർന്ന് കൃഷി ഭവനിൽ നേതാക്കൾ സത്യാഗ്രഹം ആരംഭിക്കുകയായിരുന്നു. രാത്രി ഏറെ വൈകി പൊലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങിയ നേതാക്കൾ തുടർ നീക്കങ്ങൾ ഇന്ന് പ്രഖ്യാപിക്കും. പശ്ചിമ ബംഗാളിനെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിന് എതിരെയുള്ള തുടർ പ്രക്ഷോഭങ്ങൾ ഡൽഹി കേന്ദ്രീകരിച്ച് തന്നെ തുടരുന്ന കാര്യത്തിലും ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ സുദീപ് ബന്ധോപാധ്യയുടെ വസതിയിൽ വെച്ചാകും തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ നിർണായക യോഗം നടക്കുക.

ഗാന്ധി ജയന്തി ദിനത്തിലും ഇന്നലെയും ജനപ്രതിനിധികൾ ഉൾപ്പടെയുള്ള നേതാക്കളെ പോലീസ് നേരിട്ട രീതിയിൽ തൃണമൂൽ കോൺഗ്രസ് നേതൃത്വം കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ഇന്നലെ ജന്തർ മന്ദറിൽ നടന്ന മഹാറാലിയിൽ പ്രവർത്തകരെ പോലീസ് നേരിട്ടാൽ ബംഗാളിൽ തിരിച്ചടി നൽകുമെന്ന് അഭിഷേക് ബാനർജി ഭീഷണി മുഴക്കിയിരുന്നു.

Similar Posts