ബി.ജെ.പി എം.പി നിഷികാന്ത് ദുബെയ്‌ക്കെതിരെ അപകീർത്തിക്കേസ് നൽകി മഹുവ മൊയ്ത്ര എം.പി
|പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ മഹുവ മൊയ്‌ത്ര വ്യവസായിൽ നിന്ന് കോഴ വാങ്ങി എന്നായിരുന്നു നിഷികാന്ത് ദുബെയുടെ ആരോപണം
ന്യൂഡല്‍ഹി: ബി.ജെ.പി എം.പി നിഷികാന്ത് ദുബെയ്ക്കെതിരെ അപകീർത്തി കേസ് നൽകി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്ര. ഡൽഹി ഹൈക്കോടതിയിലാണ് അപകീർത്തി കേസ് ഫയൽ ചെയ്തത്.
പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ മഹുവ മൊയ്‌ത്ര വ്യവസായിൽ നിന്ന് കോഴ വാങ്ങി എന്നായിരുന്നു നിഷികാന്ത് ദുബെയുടെ ആരോപണം. മഹുവ മൊയ്ത്രയ്‌ക്കെതിരായ പരാതി ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൊയ്‌ത്ര അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്.
ലോക്സഭ സ്പീക്കർ ഓം ബിർളയാണ് മൊയ്‌ത്രക്കെതിരായ പരാതി എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്ക് കൈമാറിയത്. ബി.ജെ.പി എം.പി വിനോദ് കുമാർ സോൻകറാണ് എത്തിക്സ് കമ്മിറ്റിയുടെ ചെയർമാൻ.
മഹുവ മൊയ്ത്ര ലോക്സഭയിൽ ഉന്നയിച്ച 61ൽ 50 ചോദ്യങ്ങളും കോഴയോ സമ്മാനമോ സ്വീകരിച്ചാണെന്നാണ് ബി.ജെ.പി നേതാവും എം.പിയുമായ നിഷികാന്ത് ദുബെ ആരോപിച്ചത്. മൊയ്ത്രയുടെ സുഹൃത്തു കൂടിയായിരുന്ന അഡ്വ. ജയ് ആനന്ദ് ഇതിന് ആധാരമായ തെളിവുകൾ നൽകിയെന്നും പരാതിയിൽ ദുബെ പറയുന്നു.
മഹുവയ്ക്കെതിരായ ആരോപണം അന്വേഷിക്കണമെന്നും ഉടനെ സസ്പെൻഡ് ചെയ്യണമെന്നുമാണ് ദുബെയുടെ ആവശ്യം.