കുഴിക്കാനുള്ള പട്ടികയിൽ ഭാഭ ആണവ ഗവേഷണ കേന്ദ്രം ഇല്ലാതിരിക്കട്ടെ: മഹുവ മൊയ്ത്ര
|ഗ്യാൻവാപിയിലെ പള്ളിയിൽ സർവേ നടപടിക്കിടെ ശിവലിംഗം കണ്ടെത്തി എന്നാണ് ഹിന്ദു സേനയുടെ അവകാശവാദം
ന്യൂഡൽഹി: ഗ്യാൻവാപി മസ്ദിജിൽനിന്ന് ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെ ട്രോളി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിന്റെ ചിത്രം പങ്കുവച്ചാണ് മൊയ്ത്രയുടെ ട്രോൾ. മുകളിൽനിന്നു നോക്കുമ്പോൾ ശിവലിംഗത്തോട് സാമ്യമുള്ള നിർമിതിയാണ് റിസർച്ച് സെന്ററിന്റേത്.
'കുഴിക്കാനുള്ള അടുത്ത പട്ടികയിൽ ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ ഇല്ലാതിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് തൃണമൂൽ എംപി കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി രംഗത്തെത്തിയത്. ഒരു സാധ്യതയുമില്ല, ഭക്തുകൾ ശാസ്ത്രത്തിൽ നിന്ന് ഏറെ അകലെയാണ് എന്നൊരാൾ ട്വീറ്റു ചെയ്തു. ഒരു വഴിയുമില്ല, അത് നിർമിച്ചത് ഒരു മുസ്‌ലിമല്ല എന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്. അവർക്ക് നിർദേശങ്ങളൊന്നും നൽകല്ലേ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
ഗ്യാൻവാപിയിലെ പള്ളിയിൽ സർവേ നടപടിക്കിടെ ശിവലിംഗം കണ്ടെത്തി എന്നാണ് ഹിന്ദു സേനയുടെ അവകാശവാദം. ഹിന്ദു സേന സമർപ്പിച്ച ഹർജിയെ തുടർന്ന് പ്രദേശം സീൽ ചെയ്തിരുന്നു. വുളു ചെയ്യാനുള്ള സ്ഥലത്തെ ജലധാരയാണ് ഇതെന്നാണ് മുസ്‌ലിംകൾ പറയുന്നത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച സുപ്രിംകോടതി പള്ളിയിൽ മതപരമായ അനുഷ്ഠാനങ്ങൾക്കും നമസ്‌കാരത്തിനും വിലക്കേർപ്പെടുത്തരുതെന്ന് ഉത്തരവിട്ടിരുന്നു. ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഭാഗം സംരക്ഷിക്കാനും കോടതി ഉത്തരവിട്ടിരുന്നു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.