അയോഗ്യരാക്കിയവരോട് മധുരപ്രതികാരം; പാർലമെന്റിന്റെ ഒന്നാം നിരയിൽ മഹുവ മൊയ്ത്ര
|കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവർക്കൊപ്പമാണ് മഹുവയുടെയും ഇരിപ്പിടം.
ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ കാലത്ത് അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി നേതാവ് മഹുവ മൊയ്ത്രക്ക് ഇത്തവണ സീറ്റ് ലഭിച്ചത് പാർലമെന്റിന്റെ ഒന്നാം നിരയിൽ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവർക്കൊപ്പമാണ് മഹുവയുടെയും ഇരിപ്പിടം. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽനിന്ന് 57,083 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഹുവ ഇത്തവണ ജയിച്ചുകയറിയത്. രാജകുടുംബാംഗമായ ബി.ജെ.പിയുടെ അമൃത റോയിയെയാണ് പരാജയപ്പെടുത്തിയത്.
''പ്രധാനമന്ത്രിയും ബിജെപി സർക്കാറും കഴിഞ്ഞ പത്തു വർഷമായി രാജ്യത്തെ അടിയന്തരാവസ്ഥയിൽ വച്ചിരിക്കുകയായിരുന്നല്ലോ. വിയോജിപ്പിന്റെ ശബ്ദങ്ങളെയും ഭരണഘടനയെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അവർ അടിച്ചമർത്തി. മാധ്യമങ്ങളെ വിലക്കു വാങ്ങി. ജുഡീഷ്യറിയെ ഞെരിച്ചമർത്തി. അപ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. ഇപ്പോൾ പ്രധാനമന്ത്രിക്ക് മുകളിലാണ് അടിയന്തരാവസ്ഥ. ഇന്നലെ അതു നിങ്ങൾ കണ്ടില്ലേ. ജനം മോദിയെ ഭൂമിയിൽ കാലു കുത്തിച്ചിരിക്കുന്നു. ഭരണഘടനയെ മറക്കുകയാണ് എങ്കിൽ അടുത്ത തവണ 240 സീറ്റും ഉണ്ടാകില്ല''- പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ മഹുവ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും എന്നും കടന്നാക്രമിക്കുന്ന നേതാവാണ് മഹുവ മൊയ്ത്ര. ബി.ജെ.പിക്ക് കീഴിൽ രാജ്യം ഫാഷിസത്തിലേക്ക് പോവുകയാണെന്ന തീപ്പൊരി പ്രസംഗവുമായാണ് അവർ പാർലമെന്റിൽ വരവറിയിച്ചത്. ഈ പ്രസംഗം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. പിന്നീട് നിരന്തരം സർക്കാരിനെതിരെ നിരന്തര വിമർശനങ്ങളുമായി മഹുവ മുന്നിലുണ്ടായിരുന്നു. ഒടുവിൽ പാർലമെന്റിൽനിന്ന് പുറത്താക്കിയപ്പോഴും ബി.ജെ.പിയെ അവർ വെറുതെവിട്ടില്ല. 'ഇത് നിങ്ങളുടെ അവസാനമാണ്. ഞങ്ങൾ തിരിച്ചുവരും. നിങ്ങളുടെ അവസാനം കാണുകയും ചെയ്യും' എന്ന് പറഞ്ഞാണ് മഹുവ പാർലമെന്റിൽനിന്ന് പുറത്തേക്ക് പോയത്.
ചോദ്യത്തിന് കോഴ വാങ്ങിയെന്ന് ആരോപിച്ചായിരുന്നു മഹുവ മൊയ്ത്രയെ തിരക്കിട്ട നീക്കത്തിലൂടെ പാർലമെന്റിൽനിന്ന് പുറത്താക്കിയത്. എം.പി സ്ഥാനം നഷ്ടമായതിന് ശേഷവും ബി.ജെ.പി അവരെ നിരന്തരം വേട്ടയാടി. ഇ.ഡിയും സി.ബി.ഐയുമെല്ലാം അവരുടെ പിറകെയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തും കേന്ദ്ര ഏജൻസികൾ അവർക്ക് ചുറ്റും വട്ടമിട്ട് പറന്നു. തന്റെ പ്രചാരണം തടസ്സപ്പെടുത്താനും പ്രതിച്ഛായ തകർക്കാനും ബി.ജെ.പി സി.ബി.ഐയേയും ഇ.ഡിയേയും ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് മഹുവ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
അസമിൽ തേയിലത്തോട്ടം തൊഴിലാളികളുടെ മകളായാണ് മഹുവയുടെ ജനനം. കൊൽക്കത്തയിലെ പ്രൈമറി, സെക്കൻഡറി സ്‌കൂൾ കാലത്തു തന്നെ പഠനത്തിൽ മികവ് തെളിയിച്ചു. മസാച്യൂസെറ്റ്‌സിലെ മൗണ്ട് ഹോളിയോകെ കോളജിൽ ഗണിതശാസ്ത്രത്തിൽ ബിരുദ പഠനം നടത്താൻ സ്‌കോളർഷിപ്പ് സ്വന്തമാക്കി. അവിടെ പഠനത്തിനുശേഷം ന്യൂയോർക്കിലും ലണ്ടനിലും വൻ ശമ്പളത്തിൽ ജെ.പി മോർഗനിൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായി ജോലി ചെയ്തു.
ജെ.പി മോർഗനിൽ വൈസ് പ്രസിഡന്റായിരിക്കെയാണ് മഹുവ എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്കു തിരിച്ചെത്തുന്നത്. രാഷ്ട്രീയത്തിൽ ഭാവി പരീക്ഷിക്കാനായിരുന്നു ആ വരവ്. രാഹുൽ ഗാന്ധിയുമായുള്ള ബന്ധത്തിലൂടെ കോൺഗ്രസിലായിരുന്നു രാഷ്ട്രീയ കരിയറിനു തുടക്കമിട്ടത്. യൂത്ത് കോൺഗ്രസ് അംഗമായി. ബംഗാളിൽ കോൺഗ്രസ് നടത്തിയ 'ആം ആദ്മി കാ സിപാഹി' പരിപാടിയുടെ ചുമതല രാഹുൽ വിശ്വസിച്ച് ഏൽപിച്ചത് മഹുവയെയായിരുന്നു.
എന്നാൽ, 2010ൽ തൃണമൂൽ കോൺഗ്രസിലേക്കു കൂടുമാറി. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ബംഗാളിലെ സി.പി.എം ഭരണം അവസാനിപ്പിച്ച് മമത ബാനർജി ചരിത്രവിജയം നേടുന്നതിനു തൊട്ടുമുമ്പായിരുന്നു കൂടുമാറ്റം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നദിയ ജില്ലയിലെ കരീംപുരിൽന്ന് മത്സരിച്ച് മികച്ച ഭൂരിപക്ഷത്തിന് ബംഗാൾ നിയമസഭയിലെത്തി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ പാർലമെന്റിലേക്കും അതുവഴി ദേശീയശ്രദ്ധയിലേക്കും നടന്നുകയറുകയായിരുന്നു മഹുവ മൊയ്ത്ര.