India
എനിക്ക് ഇഷ്ടമുള്ളപ്പോൾ മാംസം കഴിക്കാനും കടയുടമയ്ക്ക് കച്ചവടം നടത്താനും സ്വാതന്ത്ര്യമുണ്ട്: നവരാത്രിയോടനുബന്ധിച്ച് ഇറച്ചിക്കടകൾ നിരോധിച്ചതിനെ രൂക്ഷമായി വിമർശിച്ച് മഹുവ മൊയ്ത്ര
India

എനിക്ക് ഇഷ്ടമുള്ളപ്പോൾ മാംസം കഴിക്കാനും കടയുടമയ്ക്ക് കച്ചവടം നടത്താനും സ്വാതന്ത്ര്യമുണ്ട്: നവരാത്രിയോടനുബന്ധിച്ച് ഇറച്ചിക്കടകൾ നിരോധിച്ചതിനെ രൂക്ഷമായി വിമർശിച്ച് മഹുവ മൊയ്ത്ര

Web Desk
|
6 April 2022 7:38 AM GMT

റമദാനിനോടനുബന്ധിച്ച് ചില ഇസ്ലാമിക രാജ്യങ്ങൾ പരസ്യമായി വെള്ളം കുടിക്കുന്നത് നിരോധിച്ചിരിക്കുന്നു, അതു പോലെയാണിതും: സൗത്ത് ഡൽഹി മേയർ മുകേഷ് സൂര്യൻ

ഹിന്ദുക്കളുടെ ആഘോഷ പരിപാടിയായ നവരാത്രിയുടെ ഭാഗമായി ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ ഇറച്ചിക്കടകൾ നിരോധിച്ചതിനെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. തനിക്ക് ഇഷ്ടമുള്ളപ്പോൾ മാംസം കഴിക്കാനും കടയുടമയ്ക്ക് അവന്റെ കച്ചവടം നടത്താനും ഭരണഘടന അനുവാദം നൽകുന്നുണ്ടെന്ന് അവർ ട്വിറ്ററിൽ കുറിച്ചു.

സൗത്ത് ഡൽഹി മേയർ മുകേഷ് സൂര്യനാണ് ഇറച്ചിക്കടകൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയത്. ഞങ്ങൾ എല്ലാ ഇറച്ചി കടകളും കർശനമായി അടച്ചിടും, മാംസം വിൽക്കാത്തപ്പോൾ ആളുകൾ അത് കഴിക്കില്ല, വരുന്ന ഒമ്പത് ദിവസങ്ങളിൽ ഭക്തർ മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റമദാനിനോടനുബന്ധിച്ച് ചില ഇസ്ലാമിക രാജ്യങ്ങൾ പരസ്യമായി വെള്ളം കുടിക്കുന്നത് നിരോധിച്ചിരിക്കുന്നു, അതു പോലെയാണിതും, ആളുകൾ എന്നോട് പരാതി പറയുന്നു, ഡൽഹിക്കാരുടെ വികാരം കണക്കിലെടുത്താണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്, ഇത് ആരുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ല, മേയർ മുകേഷ് സൂര്യൻ കൂട്ടിച്ചേർത്തു.

നവരാത്രിയോടനുബന്ധിച്ച് കടകൾ അടച്ചിടാൻ ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയറും ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ മാംസം കഴിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം നിഷ്‌കർഷിക്കുകയും ചെയ്തു. എന്നാൽ, നഗരസഭയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക ഉത്തരവൊന്നും ഉണ്ടായിട്ടില്ല. നിരോധനാജ്ഞയെത്തുടർന്ന് നിരവധി ഇറച്ചിക്കടകളാണ് അടച്ചു പൂട്ടിയത്. ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ഏതാണ്ട് 1500 രജിസ്റ്റർ ചെയ്ത ഇറച്ചി കടകളുണ്ടെന്നാണ് കണക്ക്.

Similar Posts