'അടുത്തത് അദാനിയുടെ വരവാണ്; മുസ്‌ലിംകൾക്ക് പ്രവേശനമുണ്ടാകില്ല'; ശിവശക്തി പ്രഖ്യാപനത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര
|ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭാ അധ്യക്ഷൻ സ്വാമി ചക്രപാണി രംഗത്തെത്തിയിട്ടുണ്ട്
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശിവശക്തി പ്രഖ്യാപനത്തെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. മോദി ചന്ദ്രനിലെ വിവിധ ഭാഗങ്ങൾക്ക് പേരിട്ടു കഴിഞ്ഞു. ഇനി ഫ്ളാറ്റുകളുമായി അദാനിയുടെ വരവായിരിക്കും. അവിടെ മുസ്‌ലിംകൾക്കു പ്രവേശനമില്ലെന്ന പ്രഖ്യാപനവും വരുമെന്നും മഹുവ പരിഹസിച്ചു.
''മോദി ചന്ദ്രനിലെ ചില ഭാഗങ്ങൾക്ക് തിരംഗ എന്നും ശിവശക്തി എന്നും പേരിട്ടിരിക്കുകയാണ്. അടുത്തത് റിയൽ എസ്റ്റേറ്റ് മേഖലയിലേക്കുള്ള അദാനിയുടെ വരവായിരിക്കും. ചന്ദ്രനിൽ ഭൂമിക്കു മുഖാമുഖമുള്ള ഫ്‌ളാറ്റുകൾ നിർമിക്കാനുള്ള അവകാശം ഒരു ടെണ്ടറും ക്ഷണിക്കാതെ (അദാനിക്കു മാത്രമായി) ലഭിക്കും. (അവിടെ) മുസ്‌ലിംകൾക്ക് പ്രവേശനമുണ്ടാകില്ല. ശുദ്ധ വെജിറ്റേറിയൻ താമസക്കാർ മാത്രം.''-'എക്‌സി'ൽ കുറിച്ച പോസ്റ്റിൽ മഹുവ കുറിച്ചു.
ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭാ അധ്യക്ഷൻ സ്വാമി ചക്രപാണി നേരത്തെ രംഗത്തെത്തിയിരുന്നു. ശിവശക്തി പോയിന്റിനെ തലസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനു കത്തയയ്ക്കുമെന്നും ചക്രപാണി അറിയിച്ചു.
ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്നു പേരിട്ടതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുകയാണ്. മറ്റു മതക്കാരും ദേശക്കാരും അവിടെ പോകുന്നതിനുമുൻപ് ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കണം. മറ്റാരെങ്കിലും അവിടെ പോയി ജിഹാദ് ചെയ്യുകയും ഇസ്ലാമിനെയോ മറ്റു മതങ്ങളെയോ പ്രചരിപ്പിക്കുകയും തീവ്രവാദം വളർത്തുകയും ചെയ്യുന്നതിനുമുൻപ് പ്രഖ്യാപനമുണ്ടാകണം. ശിവശക്തി പോയിന്റിനെ അതിന്റെ തലസ്ഥാനവുമാക്കണം-സ്വാമി ചക്രപാണി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി മോദിയുടെ ശിവശക്തി പ്രഖ്യാപനം. വിക്രം ലാൻഡർ മുദ്രപതിച്ച സ്ഥലം 'തിരംഗ' എന്ന പേരിൽ അറിയപ്പെടുമെന്നും ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയ ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. ബംഗളൂരുവിൽ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്. ചന്ദ്രയാൻ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനായി എത്തിയതായിരുന്നു അദ്ദേഹം.
Summary: ‘Adani will now enter real estate sector. No Muslims allowed’: Mahua Moitra’s jibe at PM Narendra Modi's naming parts of moon as Tiranga and Shivshakti