India
ഇന്ത്യയെ പിടിച്ചുലച്ച ഒളിഞ്ഞുനോട്ടങ്ങൾ, രാഷ്ട്രീയ വിവാദങ്ങൾ
India

ഇന്ത്യയെ പിടിച്ചുലച്ച 'ഒളിഞ്ഞുനോട്ടങ്ങൾ', രാഷ്ട്രീയ വിവാദങ്ങൾ

അഫ്‍സല്‍ റഹ്‍മാന്‍ സി.എ
|
24 July 2021 4:56 PM GMT

ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുലച്ച നാല് രാഷ്ട്രീയ വിവാദങ്ങൾ അറിയാം

പ്രതിദിനം പുതിയ വെളിപ്പെടുത്തലുകളുമായി പെഗാസസ് ഫോൺ ചോർത്തൽ വിവാദം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുലച്ച നിരവധി ഫോൺ ചോർത്തൽ വിവാദങ്ങളിൽ അവസാനത്തേതാണ് പെഗാസസ് വെളിപ്പെടുത്തൽ. ഇത്തരം വിവാദങ്ങളിൽ സർക്കാരുകൾ വീഴുകയും മുഖ്യമന്ത്രിമാർ രാജിവെക്കുകയും ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുലച്ച നാല് രാഷ്ട്രീയ വിവാദങ്ങൾ അറിയാം:

1. കർണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡെയെ വീഴ്ത്തിയ ഫോൺ ചോർത്തൽ വിവാദം (1988)





1988 ൽ അന്നത്തെ കർണാടക മുഖ്യമന്ത്രി ഫോൺ ചോർത്തൽ വിവാദത്തെ തുടർന്ന് രാജിവെക്കേണ്ടി വന്നു. പത്രപ്രവർത്തകരും ജനത പാർട്ടിയിലെ വിമതരടക്കമുള്ള 50 പേരുടെ ഫോൺ വിവരങ്ങൾ ചോർത്തിയതിന് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് അദ്ദേഹം രാജിവെച്ചത്.

2 . ചന്ദ്രശേഖർ സർക്കാരിനെ താഴെയിറക്കിയ ചാരവൃത്തി (1991 )




രാജീവ് ഗാന്ധിയുടെ വസതിക്ക് പുറത്ത് ചാരപ്പണി നടത്തിയതിന് 1991 മാർച്ചിൽ രണ്ട് ഹരിയാന പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ ലോകസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള എസ്.ജെ.പി (ആർ) സർക്കാരിന് പിന്തുണ പിൻവലിച്ചു. വിശ്വാസവോട്ടിൽ പരാജയപ്പെട്ട ചന്ദ്രശേഖർ സർക്കാർ താഴെ വീഴുകയായിരുന്നു.

3. ടാറ്റ ടേപ്പുകൾ (1997)




വലിയ രീതിയിലുള്ള സംഭാഷണ ചോർച്ച നടന്ന കേസാണ് ടാറ്റ ടേപ്‌സിലേത്. വ്യവസായികളായ നുസ്ലി വാഡിയ, രത്തൻ ടാറ്റ, കേശബ് മഹിന്ദ്ര, തുടങ്ങിയവർ തമ്മിലുള്ള സംഭാഷണങ്ങളാണ് ഇതിലുള്ളത്. ഇന്ത്യൻ എക്സ്പ്രസ് പുറത്ത് വിട്ട സംഭാഷണത്തിൽ അസമിൽ ടാറ്റയുടേതുൾപ്പെടെയുള്ള തേയിലത്തോട്ടങ്ങളിൽ ഉൾഫ അന്യായമായി പണം കവരുന്നുവെന്ന പരാതിയിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട വിവരങ്ങളാണ് ഉണ്ടായിരുന്നത്. ചോർച്ചയിൽ അന്നത്തെ പ്രധാനമന്ത്രി ഐ.കെ ഗുജ്റാൾ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ തെളിവിന്റെ അഭാവം കാണിച്ച അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

4. റാഡിയ ടേപ്പുകൾ (2008)




ടാറ്റ ടേപ്പുകൾക്ക് ഒരു പതിറ്റാണ്ട് ശേഷം 2008 ൽ കോർപ്പറേറ്റ് ലോബിയിസ്റ്റ് നീര റാഡിയയുടെ നൂറു കണക്കിന് സംഭാഷണങ്ങൾ ചോർന്നു. 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് മുൻനിര വ്യവസായികൾ, രാഷ്ട്രീയക്കാർ, പത്രപ്രവർത്തകർ ഉൾപ്പെടെയുള്ളവരുമായുള്ള റാഡിയയുടെ 2007 മുതൽ 2009 വരെയുള്ള കാലയളവിലെ 300 ദിവസങ്ങളിലെ സംഭാഷണങ്ങൾ ആദായ നികുതി വകുപ്പ് ചോർത്തുകയായിരുന്നു. രത്തൻ ടാറ്റയുമായുള്ള സംഭാഷണവും ചോർത്തിയതിൽ ഉൾപ്പെടും. സംഭാഷങ്ങൾ പുറത്ത് വന്നതിന് പുറകെ മാധ്യമങ്ങൾ ഇത്തരം സംഭാഷണങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ടാറ്റ സുപ്രീം കോടതിയെ സമീപിച്ചു.

Related Tags :
Similar Posts