India
വംശീയാക്രമണം ഇതാദ്യമല്ല; മധ്യപ്രദേശിൽ മലയാളി വിദ്യാർഥികൾക്ക് ക്രൂരമർദനം
India

'വംശീയാക്രമണം ഇതാദ്യമല്ല'; മധ്യപ്രദേശിൽ മലയാളി വിദ്യാർഥികൾക്ക് ക്രൂരമർദനം

Web Desk
|
11 March 2023 11:45 AM GMT

ഇതിന് മുമ്പും മലയാളി വിദ്യാർഥികളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നുവെന്ന് മർദനത്തിൽ പരിക്കേറ്റവർ

മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റിയിൽ മലയാളി വിദ്യാർഥികൾക്ക് ക്രൂര മർദനം. സെക്യൂരിറ്റി ജീവനക്കാരാണ് നാല് മലയാളി വിദ്യാർഥികളെ മർദിച്ചത്.പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് വിദ്യാർഥികൾക്ക് സെക്യൂരിറ്റി ജീവനക്കാരുടെ മർദനമേറ്റത്. തങ്ങൾക്കെതിരെ നടന്നത് വംശീയാക്രമണമാണെന്നും മർദിക്കുന്നത് ഇതാദ്യമല്ലെന്നും പരിക്കേറ്റ വിദ്യാർഥികള്‍ പറഞ്ഞു.

കോളേജിന്റെ ചിത്രം എടുക്കുന്നതിനിടെ യാതൊരു പ്രകോപനം കൂടാതെ സെക്യൂരിറ്റി ജീവനക്കാർ വിദ്യാർഥികളെ മർദിക്കുകയായിരുന്നു. വാട്ടർ ടാങ്കിന്റെ മുകളിൽ കയറി ഫോട്ടോയെടുത്തുകൊണ്ടിക്കുന്ന വിദ്യാർഥികൾക്കു നേരെ സെക്യൂരിറ്റി ജീവനക്കാർ പാഞ്ഞടുക്കുകയും ഫോൺ തട്ടിപ്പറിച്ച് വാങ്ങുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാർഥികളോട് സെക്യൂരിറ്റി ജീവനക്കാർ മലയാളികളാണല്ലെയെന്ന് ചോദിച്ചു. പിന്നാലെ സെക്യൂരിറ്റി ജീവനക്കാർ വിദ്യാർഥികളെ അതിക്രൂരമായി മർദിക്കുകയായിരുന്നു. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളാണ് മർദനത്തിനിരയായത്. വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

നിലവിൽ 250ഓളം മലയാളി വിദ്യാർഥികൾ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നുണ്ട്. ഇതിൽ 150 പേരും ആൺകുട്ടിളാണ്. ഇതിന് മുമ്പും മലയാളി വിദ്യാർഥികളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നുവെന്നും പരിക്കേറ്റ വിദ്യാർഥികള്‍ പറഞ്ഞു. സമാനമായ അക്രമസംഭവങ്ങളുണ്ടായാൽ മാപ്പ് പറഞ്ഞ് പ്രശ്‌നം പരിഹരിക്കുന്ന രീതിയായിരുന്നു കോളേജ് അധികൃതർ സ്വീകരിച്ചിരുന്നത്. ക്രൂരമായ ആക്രമണമുണ്ടായിട്ടും ഇവരെ ആശുപത്രിയിൽ പോകാൻ സെക്യൂരിറ്റി ജീവനക്കാർ അനുവദിച്ചില്ലെന്നും പരിക്കേറ്റ വിദ്യാർഥികൾ പറഞ്ഞു. ഇവരുടെ വിവരങ്ങൾ അന്വേഷിക്കാൻ കോളേജ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.


Similar Posts