ജോഷിമഠിൽ മലയാളി വൈദികൻ വാഹനാപകടത്തിൽ മരിച്ചു; അപകടം ദുരിതാശ്വാസ പ്രവർത്തനം നടത്തി മടങ്ങവെ
|സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം പുറത്തെത്തിച്ചത്.
ജോഷിമഠ്: ഉത്തരാഖണ്ഡിലെ ജോഷിമഠിലുണ്ടായ വാഹനാപകടത്തിൽ മലയാളി വൈദികൻ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഫാ. മെൽവിൽ പി എബ്രഹാം പള്ളിത്താഴത്ത് (37) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. ബിജിനോര്‍ രൂപതയില്‍ സേവനം ചെയ്ത് വരികയായിരുന്നു വൈദികൻ.
ഭൂമി ഇടിഞ്ഞുതാഴുന്ന ഭീഷണി നേരിടുന്ന ജോഷിമഠിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി എത്തിയതായിരുന്നു വൈദികൻ. ദുരിതബാധിതർക്ക് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയ ശേഷം വാഹനത്തിൽ മടങ്ങുമ്പോഴായിരുന്നു അപകടം. ഫാ. മെൽവിൽ പി എബ്രഹാം അടക്കമുള്ളവർ സഞ്ചരിച്ച വാഹനം കുഴിയിലേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
തുടര്‍ന്ന് സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം പുറത്തെത്തിച്ചത്. ഇദ്ദേഹത്തിനൊപ്പം മറ്റ് രണ്ട് വൈദികരുമുണ്ടായിരുന്നു. ഇവർ രക്ഷപ്പെട്ടു. മൂടൽമഞ്ഞ് മൂലം റോഡ് കാണാനാവാതെ വന്നതാണ് അപകട കാരണം.
വൈദികൻ്റെ മൃതദേഹം ഋഷികേശിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച ബിജ്നോർ രൂപതയിലെ സെൻ്റ് ജോസഫ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും.
താമരശേരി രൂപതയിലെ ചക്കിട്ടപ്പാറ ഇടവകാംഗമായ ഫാ. മെൽവിൽ പി എബ്രഹാം ജോഷിമഠിലെ മണ്ണിടിച്ചിൽ സംബന്ധിച്ചുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇന്ന് രാവിലെയാണ് മരണവിവരം ബന്ധുക്കൾ അറിഞ്ഞത്. ഇതേ തുടർന്നു അവർ ബിജ്നോറിലേക്കു പുറപ്പെട്ടു.