യു.ടി ഖാദർ കർണാടക സ്പീക്കറാകും
|തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ കർണാടക നിയമസഭാ ചരിത്രത്തിലെ മുസ്‍ലിം വിഭാഗത്തിൽ നിന്നുള്ള ആദ്യ സ്പീക്കർ ആയിരിക്കും യു.ടി ഖാദർ
ബെംഗളൂരു: മുൻ മന്ത്രിയായ യു.ടി ഖാദർ കർണാടകയിൽ കോൺഗ്രസിന്‍റെ സ്പീക്കർ സ്ഥാനാർഥി ആകും. ഇതുസംബന്ധിച്ച് കോൺഗ്രസ് ചുമതലയുള്ള രൺദീപ് സുർജേവാല , കെ.സി വേണുഗോപാൽ എന്നിവർ യു.ടി ഖാദറുമായി ചർച്ച നടത്തി. ന്യൂനപക്ഷ വിഭാഗത്തിന്‍റെ പ്രതിനിധിയെ സുപ്രധാന സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം.
ആർ.വി ദേശ്‍പാണ്ഡെ, ടി.ബി ജയചന്ദ്ര, എച്ച്.കെ പാട്ടീൽ എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തിൽ സ്പീക്കർ സ്ഥാനത്തേക്ക് ചർച്ചയിലുണ്ടായിരുന്നത്. യു.ടി ഖാദറിന് മന്ത്രി സ്ഥാനം നൽകുമെന്നും റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ കർണാടക നിയമസഭാ ചരിത്രത്തിലെ മുസ്‍ലിം വിഭാഗത്തിൽ നിന്നുള്ള ആദ്യ സ്പീക്കർ ആയിരിക്കും യു.ടി ഖാദർ.
ഉള്ളാള്‍ മണ്ഡലം എം.എൽ.എയായിരുന്ന യു.ടി ഫരീദ് നിര്യാതനായതിനെ തുടർന്ന് 2007 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മകനായ യു.ടി ഖാദർ മത്സരിക്കുന്നത്. തുടർന്ന് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച ഖാദർ 2013 ലും സിദ്ധരാമയ്യ സർക്കാരിൽ അംഗമായിരുന്നു.
ശനിയാഴ്ചയാണ് സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റത്. ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ പ്രധാനപ്പെട്ട അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ തത്വത്തിൽ തീരുമാനമെടുത്തിരുന്നു. കുടുംബനാഥരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, ബി.പി.എൽ കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ അരി, തൊഴിൽരഹിതരായ യുവാക്കൾക്ക് സാമ്പത്തിക സഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് നടപ്പാക്കാൻ തീരുമാനിച്ചത്.
എട്ട് മന്ത്രിമാരാണ് ശനിയാഴ്ച സിദ്ധരാമയ്യക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭാ വിപുലീകരണ ചർച്ചകൾ പാർട്ടിയിൽ പുരോഗമിക്കുകയാണ്. 23 മന്ത്രിമാർ പുതുതായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഈ ആഴ്ച അവസാനത്തോടെ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകും.