India
Malegaon Blast Was Intended To Create Communal Rift: NIA To Court
India

മലേഗാവ് സ്‌ഫോടനം: ലക്ഷ്യം സാമുദായിക കലാപമെന്ന് എൻ.ഐ.എ

Web Desk
|
27 July 2024 7:00 AM GMT

ബി.ജെ.പി മുൻ എം.പി പ്രഗ്യാ സിങ് ഠാക്കൂർ, സൈന്യത്തിൽ ലെഫ്റ്റനന്റ് കേണലായിരുന്ന ശ്രീകാന്ത് പുരോഹിത് എന്നിവരടക്കം എട്ട് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.

മുംബൈ: സാമുദായിക കലാപമുണ്ടാക്കാനും അതുവഴി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ തകർക്കാനുമാണ് 2008ലെ മലേഗാവ് സ്‌ഫോടനത്തിലൂടെ പ്രതികൾ ലക്ഷ്യമിട്ടതെന്ന് എൻ.ഐ.എ. റമദാനിലാണ് സ്‌ഫോടനം നടന്നത്. അതുകഴിഞ്ഞ് നവരാത്രി ആഘോഷങ്ങളും വരാനിരിക്കുകയായിരുന്നു. ജനങ്ങളെ ഭീതിപ്പെടുത്തുന്നതും പ്രതികളുടെ ലക്ഷ്യമായിരുന്നുവെന്നും എൻ.ഐ.എ കോടതിയിൽ പറഞ്ഞു. മുംബൈയിലെ എൻ.ഐ.എ പ്രത്യേക കോടതിയിൽ കേസിന്റെ അന്തിമ വാദം തുടങ്ങിയപ്പോഴായിരുന്നു എൻ.ഐ.എ ഇക്കാര്യം അറിയിച്ചത്.

ആക്രമണത്തിനായി കശ്മീരിൽനിന്ന് ആർ.ഡി.എക്‌സ് എത്തിക്കുകയും അത് നാസികിലെ വീട്ടിൽ സൂക്ഷിക്കുകയും ചെയ്തത് കേണൽ ശ്രീകാന്ത് പുരോഹിത് ആണ്. സുധാകർ ചതുർവേദിയാണ് ബോംബ് നിർമിച്ചത്. മലേഗാവിൽ ഇത് സ്ഥാപിക്കാനായി പ്രഗ്യാസിങ് തന്റെ ബൈക്ക് നൽകിയെന്നും എൻ.ഐ.ഐ കോടതിയെ അറിയിച്ചു.

ബി.ജെ.പി മുൻ എം.പി പ്രഗ്യാ സിങ് ഠാക്കൂർ, സൈന്യത്തിൽ ലെഫ്റ്റനന്റ് കേണലായിരുന്ന ശ്രീകാന്ത് പുരോഹിത് എന്നിവരടക്കം എട്ട് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. വിരമിച്ച മേജർ രമേശ് ഉപാധ്യായ്, അജയ് രഹിർകർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമൂർ കുൽക്കർണി, രാമചന്ദ്ര കൽസാഗ്രെ എന്നിവരാണ് മറ്റു പ്രതികൾ. ഇതിർ സമീർ കുൽക്കർണിക്കെതിരായ നടപടികൾ സുപ്രിംകോടതി തടഞ്ഞിരുന്നു.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവിൽ 2008 സെപ്റ്റംബർ 29ന് രാത്രി 9.35ന് ഉണ്ടായ സ്‌ഫോടനത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു. 100ൽ കൂടുതൽ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. റമദാനിലെ അവസാന രാത്രി ആളുകൾ പെരുന്നാൾ തിരക്കിൽ മുഴുകിയപ്പോഴായിരുന്നു സ്‌ഫോടനം നടന്നത്. കേസിലെ പ്രതികളെല്ലാം ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ളവരാണ്. സ്‌ഫോടകവസ്തു നിയമം, ആയുധനിയമം എന്നിവയിലെ വിവിധ വകുപ്പുകളും യു.എ.പി.എയുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Tags :
Similar Posts