'സമവായ സ്ഥാനാർഥിയായിക്കൂടേയെന്ന് ചോദിച്ചിരുന്നു, ഒരാൾ മത്സരിക്കാൻ ഒരുങ്ങിയിറങ്ങുമ്പോൾ എങ്ങനെ തടയാൻ കഴിയും'; തരൂരിനെതിരെയുള്ള പോരിൽ ഖാർഗെ
|'ഞാൻ മുഴുസമയവും ജോലി ചെയ്യുന്നയാളാണ്. പാർലമെൻറിലെത്തിയാൽ വൈകീട്ട് അടയ്ക്കുമ്പോൾ മാത്രമാണ് പോകുക. ഇതാണ് എന്റെ പ്രകൃതം. ഏറ്റെടുക്കുന്ന ചുമതലകൾ ഉത്തരവാദിത്വത്തോടെ നിർവഹിക്കുന്നു'
ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ സമവായ സ്ഥാനാർഥിയായിക്കൂടേയെന്ന് താൻ ശശി തരൂരിനോട് ചോദിച്ചിരുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ. എന്നാൽ ജനാധിപത്യത്തിന്റെ നന്മക്കായി മത്സരം നടക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും ഖാർഗെ അധ്യക്ഷ തെരഞ്ഞെടുപ്പ കാമ്പയിനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ പാർട്ടി അധ്യക്ഷനായാൽ ഗാന്ധി കുടുംബവുമായും മുതിർന്ന നേതാക്കളുമായും കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും നല്ല നിർദേശങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഗാന്ധി കുടുംബത്തിന്റെ പിന്തുണക്കുന്ന ഔദ്യോഗിക സ്ഥാനാർഥിയല്ലെന്ന് ഖാർഗെ മുമ്പ് പറഞ്ഞിരുന്നു.
പാർട്ടിയിൽ ജി 23 ക്യാമ്പില്ലെന്നും എല്ലാവരും ആർ.എസ്.എസ്സിനും ബിജെപിക്കുമെതിരെയുള്ള പോരാടാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും 80കാരനായ മുൻ രാജ്യസഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു. 2020ൽ സോണിയക്ക് പാർട്ടിയെ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച ഭൂപീന്ദർ ഹൂഡ, ആനന്ദ് ശർമ, മനീഷ് തിവാരി, പൃഥ്വിരാജ് ചവാൻ എന്നിവരെല്ലാം ഖാർഗെക്ക് പിന്നിലണി നിരന്നിരിക്കുകയാണ്. ആ സംഘത്തിലുണ്ടായിരുന്ന ശശി തരൂരിനെ ഒഴിവാക്കിയാണ് ഇവർ ഖാർഗെക്കൊപ്പം ചേർന്നത്.
ഗാന്ധി കുടുംബാംഗമല്ലാത്ത താൻ അധ്യക്ഷനാകണമെന്ന് സോണിയ, രാഹുൽ, പ്രിയങ്ക തുടങ്ങിയവരടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടതായാണ് ഖാർഗെ പറയുന്നത്. താൻ ആരെയും എതിർക്കാനല്ല അധ്യക്ഷ തെരഞ്ഞെടുപ്പിനിറങ്ങിയതെന്നും മറിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനും ആശയത്തെ മുന്നോട്ടുനയിക്കാനുമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഒരു വ്യക്തി ഒരു പദവി' എന്ന നയം മുൻനിർത്തി തന്റെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചിരിക്കുകയാണെന്നും പറഞ്ഞു.
പോരാട്ടവും വിജയവും നിറഞ്ഞ തന്റെ രാഷ്ട്രീയ യാത്രയും അദ്ദേഹം പങ്കുവെച്ചു.'ഞാൻ മുഴുസമയവും ജോലി ചെയ്യുന്നയാളാണ്. പാർലമെൻറിലെത്തിയാൽ വൈകീട്ട് അടയ്ക്കുമ്പോൾ മാത്രമാണ് പോകുക. ഇതാണ് എന്റെ പ്രകൃതം. ഏറ്റെടുക്കുന്ന ചുമതലകൾ ഉത്തരവാദിത്വത്തോടെ നിർവഹിക്കുന്നു' ഖാർഗെ പറഞ്ഞു.
ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചിരിക്കുകയാണ്. ഒരു വ്യക്തി, ഒരു പദവി എന്ന പാർട്ടി നിലപാട് പരിഗണിച്ചാണ് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്നതെന്ന് അദ്ദേഹം നിലവിലെ അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇത് സംബന്ധിച്ച് അദ്ദേഹം സോണിയക്ക് കത്തയച്ചത്. ഇതോടെ രാജ്യസഭയിലെ പുതിയ പ്രതിപക്ഷ നേതാവിനെ സോണിയ നിയോഗിക്കും. 80കാരനായ ഖാർഗെക്ക് ഗാന്ധി കുടുംബത്തിന്റെയും മിക്ക നേതാക്കളുടെയും പിന്തുണയുള്ളതിനാൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെടാൻ സാധ്യത വളരെ കൂടുതലാണ്. അങ്ങനെയെങ്കിൽ 25 വർഷത്തിനിടയിൽ കോൺഗ്രസിനെ നയിക്കുന്ന ഗാന്ധി കുടുംബമല്ലാത്ത അധ്യക്ഷനെന്ന സ്ഥാനം ഖാർഗെക്ക് ലഭിക്കും. ഒക്‌ടോബർ 17നാണ് കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിലെ മൂന്നാം സ്ഥാനാർഥിയായ ജാർഖണ്ഡിലെ മുൻ മന്ത്രി കെ.എൻ ത്രിപാദിയും പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ പത്രികയിൽ പിഴവ് സംഭവിച്ചതിനെ തുടർന്ന് പത്രിക തള്ളിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം വോട്ടുചെയ്യില്ലെന്നാണ് നിരീക്ഷപ്പെടുന്നത്.
മല്ലികാർജുൻ ഖാർഗെ കോൺഗ്രസിന്റെ ഭീഷ്മ പിതാവാണെന്നും അദ്ദേഹത്തോട് യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്നാണ് ശശി തരൂർ വ്യക്തമാക്കുന്നത്. തങ്ങൾ എതിരാളികളല്ലെന്നും സഹപ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാരമ്പര്യ വഴിയിലൂടെ പാർട്ടി പ്രവർത്തനം നടത്തുന്ന അദ്ദേഹം ഹൈക്കാൻഡ് കൾച്ചർ തുടരുമെന്നും ചൂണ്ടിക്കാട്ടി.
നെഹ്‌റു കുടുംബം പാർട്ടിയുടെ അവിഭാജ്യ ഘടകമാണെങ്കിലും എല്ലാ തീരുമാനവും ഒരേ കേന്ദ്രത്തിൽനിന്നല്ല എടുക്കേണ്ടതെന്ന് ശശി തരൂർ മീഡിയവണ്ണിനോട് പറഞ്ഞു. 24 വർഷം പാർട്ടിയെ ഒരേ നേതൃത്വം നയിച്ചു. ഇനി മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രകടനപത്രിക സമർപ്പിച്ചതിനു പിന്നാലെ 'മീഡിയവണി'ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താൻ മാറ്റത്തിന്റെ സ്ഥാനാർത്ഥിയാണെന്നും പാർട്ടിയിൽ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും തരൂർ പറഞ്ഞു. ചെറുപ്പക്കാരെ കാണാതെ മുന്നോട്ടുപോകാൻ കഴിയില്ല. അവർക്കുവേണ്ടി ഒരു നല്ല രാജ്യം സൃഷ്ടിക്കാൻ കോൺഗ്രസ് രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
നെഹ്‌റു കുടുംബം പാർട്ടിയുടെ അവിഭാജ്യ ഘടകമാണ്. എന്നാൽ, എല്ലാ തീരുമാനങ്ങളും ഒരേ കേന്ദ്രത്തിൽനിന്നല്ല എടുക്കേണ്ടത്. അധികാര വികേന്ദ്രീകരണം ഉണ്ടാകണം. നെഹ്‌റു കുടുംബത്തിന് പാർട്ടിയെ നയിക്കാൻ താൽപര്യമില്ല. 24 വർഷം പാർട്ടിയെ ഒരേ നേതൃത്വം തന്നെ നയിച്ചു. ഇനി മാറ്റം വേണം. എല്ലാ തീരുമാനങ്ങളും ഡൽഹിയിൽ എടുക്കേണ്ട ആവശ്യമില്ല. സംസ്ഥാന പി.സി.സികൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകണം. എല്ലാ തലങ്ങളിലും അധികാര വികേന്ദ്രീകരണം നടക്കണം. പാർട്ടിയെ കുറിച്ച് ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്. പ്രവർത്തകർക്ക് പാർട്ടിയോട് പറയാൻ അഭിപ്രായമുണ്ടാവും. എന്നാൽ, അത് കേൾക്കാൻ ആളില്ലെങ്കിൽ പാർട്ടി എങ്ങനെ നന്നാവും. ജനങ്ങൾക്ക് ആവശ്യങ്ങൾ ഉന്നയിക്കാൻ പാർട്ടിയിൽ ഇടംനൽകണം-തരൂർ ആവശ്യപ്പെട്ടു.
ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ പൂർണമായും നടപ്പാക്കണം. ഇവ അഞ്ചു വർഷമായി ഞാൻ നയിക്കുന്ന ആൾ ഇന്ത്യ പ്രൊഫഷനൽ കോൺഗ്രസിൽ നടപ്പാക്കിയിട്ടുണ്ട്. പുതുമുഖങ്ങളെ കൊണ്ടുവരാൻ പാർട്ടിക്ക് കഴിയണം. അവർക്ക് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സമയം നൽകണം.തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പ്രഖ്യാപനം നടത്തുന്നത് ശരിയല്ല. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ വിഷയമല്ല. രാജ്യത്തെ കുറിച്ചും പാർട്ടിയെ കുറിച്ചും സംസാരിക്കാനുള്ള അവസരമാണിത്. വോട്ടർമാരിലേക്ക് എത്തിച്ചേരുന്നത് എളുപ്പമല്ല. 22 വർഷങ്ങൾക്കുമുൻപാണ് പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പ് നേരിട്ടത്. മൂന്നു വർഷങ്ങൾക്കുശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പ് നേരിടാൻ പാർട്ടി സജ്ജമാകും.
വാർത്താസമ്മേളനത്തിൽ എനിക്ക് പിന്തുണ ലഭിച്ചു. ഖാർഗെയുമായി എനിക്ക് ജാതിമത ചിന്തകൾക്ക് അതീതമായ ബന്ധമുണ്ട്. ഖാർഗെയുടെ ജാതി മാത്രം ചൂണ്ടിക്കാട്ടുന്നത് ശരിയല്ല. ഒരുപാടുപേർ എന്നെ പിന്തുണയ്ക്കുന്നുണ്ട്. അവരെ ചതിക്കാൻ കഴിയില്ല. ആന്റണിയെ നേരിൽ കണ്ട് പിന്തുണ തേടിയിട്ടുണ്ട്. കേരളത്തിൽനിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. നാമനിർദേശ പത്രികയിൽ ഒപ്പിടാൻ കഴിയാത്തവരും പിന്തുണ അറിയിച്ചു. എല്ലാ നേതാക്കളും എനിക്ക് എതിരല്ല.
ജി23 പ്രതിനിധിയായല്ല മത്സരിക്കുന്നത്; കൈയിൽ മാന്ത്രികവടിയില്ല
ജി 23 മാധ്യമങ്ങളുടെ സൃഷ്ടിയാണ്. അഭിപ്രായം നേതാക്കൾ മാറ്റിയതിൽ തർക്കിക്കാനില്ല. ഞാൻ താൻ ജി 23 പ്രതിനിധിയായല്ല മത്സരിക്കുന്നത്. ആഗ്രഹിക്കുന്നത് മുഴുവൻ പേരുടെയും പ്രതിനിധിയാവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എല്ലാ ജനവിഭാഗങ്ങളെയും അംഗീകരിക്കാത്തവർക്ക് പാർട്ടിയിൽ ഇടമില്ല. തെരഞ്ഞെടുപ്പിനുശേഷം മറ്റൊരു പദവി തേടി പോകില്ല. തിരുവനന്തപുരത്തിന്റെ എം.പിയായി തുടരും.
സ്ഥാനാർത്ഥികളിൽ ചെറുപ്പക്കാരൻ ഞാനാണ്. ഖാർഗെക്ക് 80 കഴിഞ്ഞു. ഖാർഗെ നേതൃത്വത്തിന്റെ ഭാഗമായാൽ പ്രത്യേകിച്ച് മാറ്റം കൊണ്ടുവരാനാകില്ല. ഞാൻ നേതൃത്വത്തിൽ എത്തിയാൽ മാറ്റമുണ്ടാകും. നെഹ്റു കുടുംബത്തിന്റെ ഭാവി റോൾ ചർച്ചചെയ്തു തീരുമാനിക്കും.കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള മാന്ത്രികവടി എന്റെ കൈയിലില്ല. രാഷ്ട്രീയത്തിൽ മാന്ത്രികവടി ഉണ്ടായിരുന്നെങ്കിൽ മോദി ഉപയോഗിക്കുമായിരുന്നു. പൂർണസമയ അധ്യക്ഷൻ പാർട്ടിക്ക് ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ജനങ്ങൾക്ക് സമീപിക്കാവുന്ന അധ്യക്ഷന്റെ ഇടപെടലാണ് ഇനി വേണ്ടത്. പി.സി.സി അധ്യക്ഷന്മാരെ മുഖവിലയ്‌ക്കെടുക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.
Mallikarjun Kharge said that he had asked Shashi Tharoor if he could be the consensus candidate for the Congress National President election.