India
Kharge
India

ഇൻഡ്യാ മുന്നണി 295 സീറ്റ് നേടും: മല്ലികാർജുൻ ഖാർഗെ

Web Desk
|
1 Jun 2024 12:15 PM GMT

വോട്ടെണ്ണൽ ദിനം സ്വീകരിക്കേണ്ട നടപടികൾ വിലയിരുത്തി

ന്യൂഡൽഹി: ഇൻഡ്യാ മുന്നണി 295 സീറ്റ് നേടുമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വോട്ടെണ്ണൽ ദിനത്തിൽ സ്വീകരിക്കേണ്ട ഒരുക്കങ്ങൾ സംബന്ധിച്ച യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടെണ്ണൽ ദിനത്തിലേക്കുള്ള ഒരുക്കങ്ങൾ ഇൻഡ്യാ മുന്നണി​ യോഗത്തിൽ വിലയിരുത്തിയെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പോരാട്ടം അവസാനിച്ചിട്ടില്ല. എല്ലാ പാർട്ടികളുടെയും നേതാക്കളും പ്രവർത്തകരും അതീവ ജാഗ്രതയിലാണ്. തങ്ങൾ സർവശക്തിയുമുപയോഗിച്ച് പോരാടി. ജനങ്ങൾ പിന്തുണച്ചതിനാൽ നല്ല ഫലമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ്.

കൗണ്ടിങ് ഏജന്റുമാർ അവസാനം വരെ ഹാളിൽ ഉണ്ടാകണം. വോട്ടെണ്ണൽ പൂർത്തിയാകാതെ പ്രവർത്തകർ വോട്ടണ്ണൽ കേന്ദ്രം വിട്ടു പുറത്തുപോകരുത്. സർട്ടിഫിക്കറ്റ് ലഭിച്ചശേഷം മാത്രമേ പുറത്തുപോകാവു. ബി.ജെ.പിയും സഖ്യകക്ഷികളും എക്സിറ്റ് പോളിന്റെ പിന്നാലെയാണ്. നാളെ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. അട്ടിറി നടാക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കമ്മീഷനോട് ആവശ്യപ്പെടുമെന്നും ഖാർ​ഗെ പറഞ്ഞു.

ഖാർഗെയുടെ വീട്ടിലായിരുന്നു ഇൻഡ്യ മുന്നണിയുടെ യോഗം ചേർന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, സോണിയ ഗാന്ധി, ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറൻ, മുൻ മുഖ്യമന്ത്രി ഹേമന്ത്‌ സോറന്റെ ഭാര്യ കല്പന സോറൻ, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ഡി.എം.കെ നേതാവ് ടി.ആർ. ബാലു, ശിവസേന നേതാവ് അനിൽ ദേശായി, നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിങ് മൻ, എ.എ.പി നേതാക്കളായ സഞ്ജയ് സിംഗ്, രാഘവ് ചദ്ധ, എസ്.പി നേതാവ് അഖിലേഷ് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ യോഗത്തിൽ പ​ങ്കെടുത്തു.

Similar Posts