മമതയും അഖിലേഷും കൈകോർക്കുന്നു; ദേശീയ രാഷ്ട്രീയത്തിൽ പുതിയ മുന്നണിക്ക് നീക്കം
|അഖിലേഷ് യാദവ് കൊൽക്കത്തയിലെത്തി മമത ബാനർജിയെ കണ്ടു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായികുമായി മാർച്ച് 23ന് മമത ചർച്ച നടത്തും.
കൊൽക്കത്ത: ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ ഒഴിവാക്കി ബി.ജെ.പി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള നീക്കം വീണ്ടും ശക്തമാകുന്നു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഇന്ന് കൊൽക്കത്തയിലെത്തി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയെയും കോൺഗ്രസിനെയും ഒഴിവാക്കിയുള്ള പുതിയ നീക്കമാണ് മമത ലക്ഷ്യംവെക്കുന്നത്.
माननीय राष्ट्रीय अध्यक्ष श्री अखिलेश यादव जी ने पार्टी के वरिष्ठ नेताओं के साथ पश्चिम बंगाल की मुख्यमंत्री ममता बनर्जी जी के आवास पर की शिष्टाचार भेंट। pic.twitter.com/i0cv6GqOTZ
— Samajwadi Party (@samajwadiparty) March 17, 2023
ബിജു ജനതാദൾ നേതാവ് നവീൻ പട്‌നായികിനെ കൂടി മുന്നണിയിലെത്തിക്കാൻ മമത നീക്കം നടത്തുന്നുണ്ട്. അടുത്ത ആഴ്ച മമത നവീൻ പട്‌നായികിനെ കാണും. രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ മുഖമാക്കാനുള്ള ശ്രമത്തെ മറികടക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗം ഉയർത്തിക്കാട്ടി ബി.ജെ.പി ഇന്നും പാർലമെന്റ് തടസ്സപ്പെടുത്തിയിരുന്നു. രാഹുൽ മാപ്പ് പറയണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
''രാഹുൽ ഗാന്ധി വിദേശത്ത് നടത്തിയ പ്രസ്താവനയിൽ മാപ്പ് പറയുന്നതുവരെ പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് ബി.ജെ.പി പറയുന്നത്. രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ മുഖമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടേണ്ട ആവശ്യമില്ല''-തൃണമൂൽ കോൺഗ്രസ് എം.പി സുദീപ് ബന്ദോപാധ്യായ പറഞ്ഞു.
കോൺഗ്രസ് പ്രതിപക്ഷത്തിന്റെ ബിഗ് ബോസ് ആണെന്നത് തെറ്റിദ്ധാരണയാണ്. മമതാ ബാനർജി മാർച്ച് 23ന് നവീൻ പട്‌നായികിനെ കാണുന്നുണ്ട്. പുതിയ സഖ്യം രൂപീകരിക്കുന്ന കാര്യം അവർ ചർച്ച ചെയ്യും. ഇതൊരു മൂന്നാം മുന്നണിയാണെന്ന് അവകാശപ്പെടുന്നില്ലെന്നും എന്നാൽ പ്രാദേശിക പാർട്ടികൾക്ക് ബി.ജെ.പിയെ നേരിടാനുള്ള കരുത്തുണ്ടെന്നും ബന്ദോപാധ്യായ പറഞ്ഞു.
ബി.ജെ.പിയിൽനിന്നും കോൺഗ്രസിൽനിന്നും തുല്യ അകലം പാലിക്കുമെന്നും ബംഗാളിൽ മമതക്കൊപ്പമാണ് തങ്ങളെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. ബി.ജെ.പി വാക്‌സിനെടുത്താൽ സി.ബി.ഐ, ഇ.ഡി, ഇൻകം ടാക്‌സ് എന്നിവരെ ഭയപ്പെടേണ്ടെന്നും അഖിലേഷ് പരിഹസിച്ചു.