India
Mamata Banerjee
India

'സിപിഎമ്മും ബി.ജെ.പിയും ബംഗ്ലാദേശിന് സമാനമായ സാഹചര്യം ബംഗാളിലുണ്ടാക്കാൻ ശ്രമിക്കുന്നു': മമത ബാനർജി

Web Desk
|
14 Aug 2024 3:42 PM GMT

'' ഇരയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതിനുപകരം, സിപിഎമ്മും ബി.ജെ.പിയും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്''

കൊല്‍ക്കത്ത: സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സി.പിഎമ്മും ബി.ജെ.പിയും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി.

സംസ്ഥാനത്തെ അധികാരം പിടിക്കാൻ ബംഗ്ലാദേശിലേത് പോലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

'' ഇരയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതിനുപകരം, സിപിഎമ്മും ബി.ജെ.പിയും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. അധികാരം പിടിക്കാന്‍, ബംഗ്ലാദേശിന് സമാനമായ സാഹചര്യമുണ്ടാക്കാൻ കഴിയുമെന്നാണ് അവർ കരുതുന്നത്. എന്നാൽ തനിക്ക് അധികാരത്തോടുള്ള അത്യാർത്തിയില്ല. രാത്രി മുഴുവൻ താൻ കേസ് നിരീക്ഷിച്ചുവെന്നും കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞയുടൻ പൊലീസ് കമ്മിഷണറുമായും യുവതിയുടെ മാതാപിതാക്കളുമായും സംസാരിച്ചുവെന്നും മമത പറഞ്ഞു.

സി.ബി.ഐയാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറാന്‍ ആവശ്യപ്പെട്ടത്.

''ഞങ്ങള്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് അനുസരിക്കുകയാണ്. സി.ബി.ഐക്ക് എല്ലാ പിന്തുണയും നൽകുന്നു. കേസ് എത്രയും വേഗം തീരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതിനാൽ സി.ബി.ഐയെ ഏൽപ്പിക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്നും മമത പറഞ്ഞു.

ഈ കേസിൽ സാധ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്, പക്ഷേ ഇപ്പോഴും ദുരുദ്ദേശ്യപരമായ പ്രചാരണം തുടരുകയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ സിവിക് വളണ്ടിയറായ സഞ്ജയ് റോയ്‌യെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Similar Posts