മൂന്നാം മുന്നണി അഭ്യൂഹങ്ങള്‍ക്കിടെ ഡല്‍ഹിയിലെത്തി മമത
|ശരദ് പവാര്‍ - മമതാ ബാനര്‍ജി ഉള്‍പ്പെടുന്ന മൂന്നാം മുന്നണി സഖ്യ ചര്‍ച്ചകളെ ഏറെ കരുതലോടെയാണ് ബി.ജെ.പി നോക്കിക്കാണുന്നത്.
രാജ്യത്ത് മൂന്നാം മുന്നണി രൂപപ്പെടുന്നുവെന്ന ചർച്ചകൾക്കിടെ തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഡൽഹിയിലെത്തി. മുപ്പതാം തീയതി വരെ ഡൽഹിയിൽ തങ്ങുന്ന മമതാ ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ശരദ് പവാറും മമതാ ബാനര്‍ജിയും ഉള്‍പ്പെടുന്ന മൂന്നാം മുന്നണി സഖ്യ ചര്‍ച്ചകളെ ഏറെ കരുതലോടെയാണ് ബി.ജെ.പി ദേശീയ നേതൃത്വം നോക്കിക്കാണുന്നത്.
2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദേശീയ രാഷ്ട്രീയത്തിലിറങ്ങി ബി.ജെ.പി വിരുദ്ധ ബദൽ രൂപീകരിക്കുകയെന്നതാണ് മമതാ ബാനര്‍ജിയുടെ ലക്ഷ്യമെന്നാണു റിപ്പോര്‍ട്ട്. ബംഗാളില്‍ തൃണമൂലിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ് മൂന്നാം മുന്നണിയ്ക്ക് പിറകിലെന്നൊണ് പുറത്ത് വരുന്ന വിവരം.
ദിവസങ്ങള്‍ക്കു മുമ്പാണ് പ്രശാന്ത് കിഷോർ, കോണ്‍ഗ്രസ് നേതാക്കളായ സോണിയഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നത്. ഇതിനു പിന്നാലെയാണ് മമതയുടെ ഡല്‍ഹി സന്ദര്‍ശനമെന്നതും പ്രധാനമാണ്. ഡൽഹി സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന മമത രാഷ്ട്രപതിയെ കാണാനും അനുമതി തേടിയിട്ടുണ്ട്.