യു.പി തെരഞ്ഞെടുപ്പ്: അഖിലേഷ് യാദവിന് പിന്തുണയുമായി മമത ബാനർജി ഇന്ന് ലഖ്നൗവിൽ
|ഉത്തർപ്രദേശിൽ ഫെബ്രുവരി 10, 14, 23, 27, മാർച്ച് മൂന്ന്, ഏഴ് തീയതികളിൽ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്
ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി തിങ്കളാഴ്ച ലഖ്നൗ സന്ദർശിക്കും. അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് പാർട്ടി പിന്തുണ നൽകാനാണ് മമത ലഖ്‌നൗവിൽ എത്തുന്നത്.
മമത ബാനർജിയും അഖിലേഷ് യാദവും ഒരുമിച്ച് പൊതു റാലി നടത്താനായിരുന്നു നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നാൽ കോവിഡ് മഹാമാരി കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ ജനുവരി 22 വരെ തിരഞ്ഞെടുപ്പ് റാലികൾ നിരോധിച്ചതിനെത്തുടർന്നാണ് ഇത് റദ്ദാക്കിയത്. റാലി റദ്ദാക്കിയതോടെ ഇരു നേതാക്കളും സംയുക്ത വാർത്താ സമ്മേളനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഖിലേഷ് യാദവിന് സഹായം വേണമെങ്കിൽ പാർട്ടി പിന്തുണ നൽകാൻ തയ്യാറാണെന്ന് മമത കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ഉത്തർപ്രദേശിൽ ഫെബ്രുവരി 10, 14, 23, 27, മാർച്ച് മൂന്ന്, ഏഴ് തീയതികളിൽ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 403 അംഗ നിയമസഭയിലേക്കുള്ള ഫലം മാർച്ച് 10 നാണ് പ്രഖ്യാപിക്കുന്നത്.